ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠമായ മതമാണെന്ന് പ്രസ്താവിച്ചുകൊണ്ട് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. കൊപ്പൽ ജില്ലയിലെ കുക്നൂരിൽ മുസ്‌ലിം സമുദായത്തിനായി സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി പരാമർശം നടത്തിയത്.
ഇസ്ലാം ഏറ്റവും അച്ചടക്കമുള്ളതും ശാസ്ത്രീയവും മാനുഷികവുമായ മതമാണെന്നും, വിശുദ്ധ ഖുറാനും മറ്റ് മതഗ്രന്ഥങ്ങളും പഠിച്ച ശേഷമാണ് താൻ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മതങ്ങളിലും നല്ലവരും ചീത്തയായവരുമുണ്ടെന്നും എന്നാൽ മോശം കാര്യങ്ങൾ മാത്രമാണ് എപ്പോഴും ഉയർത്തിക്കാട്ടപ്പെടുന്നതെന്നും പറഞ്ഞ മന്ത്രി, മക്ക സന്ദർശിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും അമുസ്‌ലിംകൾക്ക് അവിടെ പ്രവേശനമില്ലാത്തതിനാലും മതം മാറാൻ ആഗ്രഹിക്കാത്തതിനാലും അതിന് സാധിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ആർ. അശോക രംഗത്തെത്തി. ഇസ്ലാം മറ്റ് മതങ്ങളേക്കാൾ മികച്ചതാണെന്ന് പറയുന്നതിലൂടെ മന്ത്രി സനാതന ധർമ്മത്തെ താഴ്ത്തിക്കെട്ടുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. നടത്തിയ വിവാദ പ്രസ്താവനകൾ പിൻവലിച്ച് സംസ്ഥാനത്തെ മുഴുവൻ ആളുകളോടും മന്ത്രി മാപ്പ് പറയണമെന്നും, മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.








