അമേരിക്കൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തടവറയിൽ നിന്നുള്ള തന്റെ ആദ്യത്തെ ചിത്രങ്ങൾ പുറത്തുവിട്ടു. ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന മഡൂറോ തങ്ങൾ പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന സന്ദേശമാണ് ചിത്രങ്ങളോടൊപ്പം പങ്കുവെച്ചത്. കപ്പൽ മാർഗ്ഗം അമേരിക്കയിലേക്ക് കൊണ്ടുവന്നതിന് ശേഷം എട്ട് മാസങ്ങൾക്ക് ശേഷമാണ് മഡൂറോയുടെ ഈ ചിത്രങ്ങൾ പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തുന്നത്. തങ്ങളെ സ്നേഹിക്കുന്ന ജനങ്ങൾക്കും കുടുംബാംഗങ്ങൾക്കും നൽകുന്ന സ്നേഹസമ്മാനമാണ് ഈ ചിത്രങ്ങളെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ചാരനിറത്തിലുള്ള ട്രാക്ക്‌സ്യൂട്ടും ഷൂസും ധരിച്ച് പുഞ്ചിരിയോടെ വിജയചിഹ്നം കാണിക്കുന്ന മഡൂറോയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാൽ മുൻപത്തേക്കാൾ അദ്ദേഹം വളരെയധികം ശരീരഭാരം കുറഞ്ഞ് ക്ഷീണിതനായാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും ലഹരിക്കടത്ത്, ആയുധക്കടത്ത് കേസ് നേരിടുകയാണ്. ഇരുവരും തങ്ങൾക്ക് മേൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും തങ്ങൾ നിരപരാധികളാണെന്ന് ആവർത്തിക്കുകയും ചെയ്തു. പുറത്തുവന്ന ചിത്രങ്ങൾ ജൂൺ മാസത്തിൽ എടുത്തതാണെന്ന് കാമറയിലെ സമയ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.
വെനസ്വേലയിലെ പുതിയ താൽക്കാലിക ഭരണകൂടം അമേരിക്കയുമായി വൻ എണ്ണക്കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് മഡൂറോയുടെ സന്ദേശം പുറത്തുവന്നത്. രാജ്യത്തെ പ്രധാന എണ്ണപ്പാടങ്ങൾ പ്രവർത്തിപ്പിക്കാൻ അമേരിക്കൻ കമ്പനികൾക്ക് അനുമതി നൽകുന്നതാണ് പുതിയ കരാർ. തടവറയിൽ ഇൻറർനെറ്റ് സൗകര്യങ്ങളോ പത്രങ്ങളോ ഉപയോഗിക്കാൻ മഡൂറോയ്ക്ക് അനുവാദമില്ല. അഭിഭാഷകരുമായും കുടുംബവുമായും സംസാരിക്കാൻ പരിമിതമായ സമയമാണ് ഇദ്ദേഹത്തിന് അനുവദിച്ചിട്ടുള്ളത്. തടവറയിൽ ബൈബിൾ വായനയും പഠനവുമായി സമയം ചെലവഴിക്കുന്ന മഡൂറോയുടെ വിചാരണ അടുത്ത വർഷമാണ് നടക്കുക.









