മേഘാലയയിലെ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ സോങ്‌സാക് റിസർവിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് ആയുധധാരികൾ കൊല്ലപ്പെട്ടു. നാഷണൽ ഹൈവേസ് & ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എച്ച്.ഐ.ഡി.സി.എൽ) ഉദ്യോഗസ്ഥരെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാൻ സംഘം നീങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ആന്റി ടെറർ സ്ക്വാഡും (എ.ടി.എസ്) ഈസ്റ്റ് ഗാരോ ഹിൽസ് പോലീസും സോങ്‌സാക് പോലീസും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.
പുലർച്ചെ നാല് മണിയോടെ ദാഗൽ-സോങ്‌സാക് റോഡിൽ എത്തിയ ബൊലേറോ വാഹനം പോലീസ് തടയാൻ ശ്രമിച്ചെങ്കിലും, വാഹനത്തിലുണ്ടായിരുന്ന സംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് വാഹനം ഉൾപ്പെടെ വെടിവെപ്പിൽ തകർന്നതോടെ പോലീസ് സംഘം സ്വയരക്ഷാർത്ഥം തിരിച്ചടിച്ചു.
വെടിവെപ്പ് അവസാനിച്ചതിന് പിന്നാലെ വാഹനത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നോർത്ത് ഗാരോ ഹിൽസ് സ്വദേശി അല്ലാസൺ മറാക്, അസം ഗോൾപാറ സ്വദേശികളായ സുസ്തോം രാഭ, കലാം അലി, ബോബിദുൽ ഇസ്ലാം എന്നിവരാണ് കൊല്ലപ്പെട്ടത്.
അടുത്തിടെ വ്യവസായി കൊല്ലപ്പെട്ട ദാമ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയാണ് അല്ലാസൺ മറാക്. സുസ്തോം രാഭ, കലാം അലി എന്നിവർക്കെതിരെ അസമിലും മേഘാലയയിലുമായി കവർച്ച, തട്ടിക്കൊണ്ടുപോകൽ, ആയുധ നിയമം തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ കേസുകളുണ്ട്. കൊല്ലപ്പെട്ടവരിൽ നിന്ന് ബെറെറ്റ ഉൾപ്പെടെയുള്ള രണ്ട് ഫാക്ടറി നിർമ്മിത പിസ്റ്റളുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








