രാജ്യത്തിന്റെ വ്യോമപ്രതിരോധ കവചത്തിന് കൂടുതൽ കരുത്തുപകരാൻ അഞ്ച് അധിക എസ്-400 ‘സുദർശൻ’ സ്ക്വാഡ്രണുകൾ കൂടി ലഭ്യമാക്കാമെന്ന് റഷ്യ നിർദ്ദേശം സമർപ്പിച്ചു. ഇന്ത്യ പുറപ്പെടുവിച്ച ടെൻഡറിന് മറുപടിയായി ലഭിച്ച ഈ വിശദമായ നിർദ്ദേശം നിലവിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഏകദേശം 50,000 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ വമ്പൻ പദ്ധതി നടപ്പിലാകുന്നതോടെ ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ അജയ്യമായ വ്യോമകവചം തീർക്കാൻ സാധിക്കും.
‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ അതിർത്തി കടന്നെത്തിയ ശത്രുവിമാനങ്ങളെ തുരത്തുന്നതിൽ എസ്-400 സംവിധാനം നിർണ്ണായക പങ്കാണ് വഹിച്ചത്. ആകാശത്ത് 314 കിലോമീറ്റർ അകലെ പറന്ന നിരീക്ഷണ വിമാനത്തെ തകർത്തുകൊണ്ട് സർഫസ്-ടു-എയർ മിസൈൽ പ്രഹരത്തിൽ ഈ സംവിധാനം പുതിയ ചരിത്രം കുറിച്ചിരുന്നു. ചൈനീസ് നിർമ്മിത ജെ-10 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാനും ശത്രുരാജ്യത്തിന്റെ നീക്കങ്ങൾ തകർക്കാനും ഇതിലൂടെ കഴിഞ്ഞു.
2018-ൽ ഒപ്പുവെച്ച ആദ്യ കരാറിലെ അഞ്ച് സ്ക്വാഡ്രണുകളിൽ നാലെണ്ണം ഇതിനകം സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അവസാന സ്ക്വാഡ്രൺ ഈ വർഷം നവംബറോടെ രാജ്യത്തെത്തും. പുതിയ കരാർ ഒപ്പുവെച്ചാൽ മൂന്ന് വർഷത്തിനകം പുതിയ സ്ക്വാഡ്രണുകളുടെ വിതരണം ആരംഭിക്കും. ഇതിനുപുറമെ, നിലവിലുള്ള സംവിധാനങ്ങൾക്കായി 280-ലധികം അത്യാധുനിക മിസൈലുകൾ വാങ്ങാനും ‘പ്രോജക്ട് കുശ’യിലൂടെ തദ്ദേശീയമായി ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ‘മിഷൻ സുദർശന ചക്രം’ പദ്ധതിയിലൂടെ അതിവേഗം പുരോഗമിക്കുകയാണ്.








