തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി വളപ്പിൽ സമഗ്ര മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായി ഉയർത്താൻ ഒരുങ്ങുന്ന ജനറൽ ആശുപത്രിയിലെ 20 ഏക്കറോളം വരുന്ന വിശാലമായ കോമ്പൗണ്ട് കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ് കിടക്കുകയായിരുന്നു. ഇത് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയതിനാലും പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാലും അടിയന്തര സാനിറ്റേഷൻ നടപടിയെന്ന നിലയിലാണ് വലിയ ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടത്.
ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ മേയർ വി. വി. രാജേഷ് നിർവ്വഹിച്ചു. പ്രശസ്ത പാമ്പുപിടുത്തക്കാരനായ വാവ സുരേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കാടുപിടിച്ച പ്രദേശങ്ങളിൽ പാമ്പുകളുടെ വൻ സാന്നിധ്യമുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ അപകടങ്ങൾ ഒഴിവാക്കാനും പാമ്പുകളെ സുരക്ഷിതമായി പിടികൂടാനുമാണ് വാവ സുരേഷിന്റെ സേവനം ലഭ്യമാക്കിയത്.
നഗരസഭയിലെ നൂറോളം വരുന്ന ജീവനക്കാരുടെ പ്രത്യേക സംഘത്തിനൊപ്പം സമീപത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ശുചീകരണത്തിൽ സജീവമായി പങ്കാളികളായി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി തുടങ്ങിയ പ്രമുഖരും ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകാൻ ആശുപത്രി വളപ്പിൽ എത്തിയിരുന്നു.








