ഭാര്യയാണെങ്കിൽ പോലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് പോക്‌സോ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്ന് കേരള ഹൈക്കോടതി. 18 വയസ്സിൽ താഴെ പ്രായമുള്ളവരെല്ലാം നിയമപ്രകാരം കുട്ടികളായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂവെന്നും, അതിനാൽ ഭാര്യയാണോ അല്ലയോ എന്നത് പരിഗണിക്കേണ്ട വിഷയമേയല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
തനിക്കെതിരായ പോക്‌സോ കേസും ബലാത്സംഗക്കുറ്റവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27-കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം നിയമാനുസൃതമായി വിവാഹം കഴിച്ചതാണെന്നും പെൺകുട്ടി തന്റെ ഭാര്യയാണെന്നും അതിനാൽ പോക്‌സോ നിയമം നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ മുസ്ലിം മതാചാരപ്രകാരം വിവാഹം നടത്തിയാൽ പോലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. 2021-ൽ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സും ഒരു മാസവും മാത്രമായിരുന്നു പ്രായമെന്നും കേസിൽ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി.
ഭാര്യയാണെങ്കിൽ 15-നും 18-നും ഇടയിൽ പ്രായമുള്ളവരുമായുള്ള ശാരീരികബന്ധത്തിന് ക്രിമിനൽ നിയമത്തിൽ മുൻപ് നൽകിയിരുന്ന ഇളവ്, 2017-ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനി ബാധകമല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതോടെ ഹർജിക്കാരനെതിരെയുള്ള പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ വിചാരണാ നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.








