അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലുള്ള കോക്ക്‌റോച്ച് ജനതാ പാർട്ടിയിൽ (സിജെപി) ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രസ്ഥാനത്തിന്റെ മുൻ സന്നദ്ധപ്രവർത്തകനായ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ‘കോക്ക്‌റോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്’ (സിജെപി-ഡി) എന്ന പേരിൽ വിമത വിഭാഗം പുതിയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ചേർന്ന് കെട്ടിപ്പടുത്ത ജനകീയ പ്രക്ഷോഭത്തെ അരവിന്ദ് കേജ്‌രിവാളിന്റെ ‘എ ടീം’ ആയി ദിപ്‌കെ മാറ്റിയെന്നും ആം ആദ്മി പാർട്ടി മുൻ പ്രവർത്തകരെ നേതൃത്വത്തിലേക്ക് തിരുകിക്കയറ്റി പൂർണ്ണമായി രാഷ്ട്രീയവൽക്കരിച്ചെന്നും ബ്രഹ്മഭട്ട് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
യുവാക്കളെയും തൊഴിൽരഹിതരെയും ആർടിഐ പ്രവർത്തകരെയും ‘പാറ്റകൾ’ (cockroaches) എന്ന് വിശേഷിപ്പിച്ചെന്ന പരാമർശത്തിനെതിരെ രൂപപ്പെട്ട പ്രസ്ഥാനമായിരുന്നു സിജെപി. എന്നാൽ, അണ്ണാ ഹസാരെയെ ഉപയോഗിച്ച് കേജ്‌രിവാൾ നടത്തിയതിന് സമാനമായി, സോനം വാങ്ചുക്കിനെയും വിദ്യാർത്ഥികളെയും ഉപയോഗിച്ച് പ്രസ്ഥാനത്തെ രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യുകയാണ് ദിപ്‌കെ ചെയ്തതെന്ന് വിമതർ കുറ്റപ്പെടുത്തി.
ഫ്ലൈറ്റ്, ഹോട്ടൽ ചെലവുകൾ കേജ്‌രിവാളാണ് സ്പോൺസർ ചെയ്തതെന്നും ‘ആംഗാഡിയ’ ശൃംഖല വഴി ഫണ്ട് കടത്തിയെന്നുമുള്ള ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും ബ്രഹ്മഭട്ട് ഉന്നയിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തില്ലെന്ന ധാരണയിലാണ് ഇവർ നീങ്ങുന്നതെന്നും ആരോപണമുണ്ട്.
ജന്തർ മന്തറിലെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ വഞ്ചിച്ചുകൊണ്ടാണ് നേതൃത്വം കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സിജെപി-ഡി നേതാവ് സുശീൽ തിവാരി ആരോപിച്ചു. അതേസമയം, ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ പൂർണ്ണമായി തള്ളി. തങ്ങൾ കോൺഗ്രസിന്റെ ബി-ടീമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുമ്പോൾ മറ്റുചിലർ തങ്ങൾ ആപ്പിന്റെ ബി-ടീമാണെന്നാണ് വാദിക്കുന്നതെന്ന് അഭിജിത്ത് പരിഹസിച്ചു.








