പാകിസ്താനിലെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാ സേനയ്ക്ക് നേരെ വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ശക്തമായ മിന്നലാക്രമണത്തിൽ 18 പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സിയാറത്ത് ക്രോസ് മേഖലയിൽ ബിഎൽഎയുടെ പ്രത്യേക വിഭാഗമായ ‘ഫത്തേ സ്ക്വാഡ്’ നടത്തിയ പതിയിരുന്നാക്രമണത്തിലാണ് പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായത്.
ഒരാഴ്ചയ്ക്കിടെ സിയാറത്ത് ക്രോസ് മേഖലയിൽ പാക് സേനയ്ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ആക്രമണത്തിന്റെ തീവ്രതയിൽ പല സൈനികരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തിയമർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചറിയാനുള്ള നടപടികൾ സൈനിക കമാൻഡർമാർ തുടർന്നു വരികയാണ്. ചോരപ്പുഴയൊഴുക്കിയ ആക്രമണത്തിന് പിന്നാലെ കൂടുതൽ സൈനിക സന്നാഹങ്ങളെ സിയാറത്ത് ക്രോസിലേക്കും പരിസര പ്രദേശങ്ങളിലേക്കും പാകിസ്താൻ വിന്യസിച്ചിട്ടുണ്ട്. ആക്രമണം നടത്തി രക്ഷപ്പെട്ട ബിഎൽഎ കമാൻഡോകളെ പിടികൂടുന്നതിനായി മലനിരകൾ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രദേശം പൂർണ്ണമായും വളഞ്ഞ സൈന്യവും വിമതരും തമ്മിൽ ഇടയ്ക്കിടെ ശക്തമായ വെടിവെപ്പും തുടരുകയാണ്.
തുടർച്ചയായ പ്രത്യാക്രമണങ്ങൾ പാക് ഭരണകൂടത്തിന് അതിർത്തി മേഖലകളിൽ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സൈനിക ഔട്ട്‌പോസ്റ്റുകളെയും വിതരണ ശൃംഖലകളെയും തകർക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ ആക്രമണങ്ങൾ നടത്തി പിൻവാങ്ങുന്ന തന്ത്രമാണ് ബിഎൽഎയുടെ ഫത്തേ സ്ക്വാഡ് ഇവിടെ നടപ്പാക്കുന്നത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്ത്രപ്രധാനമായ ഒരേ കേന്ദ്രത്തിൽ തന്നെ മൂന്ന് തവണ സൈന്യത്തെ ലക്ഷ്യമിട്ട് രക്തരൂക്ഷിതമായ ആക്രമണങ്ങൾ ഉണ്ടായതോടെ പാക് പ്രതിരോധ സേന കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പരുക്കൻ മലനിരകളിലൂടെ സൈനിക തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും മേഖലയിൽ കനത്ത ഭീതിയാണ് നിലനിൽക്കുന്നത്.












