ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സമ്മാനമായി ബെൽജിയൻ ചോക്ലേറ്റിൽ നിർമ്മിച്ച ഇന്ത്യ ഗേറ്റിന്റെ മാതൃക നൽകാനിരുന്ന പദ്ധതി പാളി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ (Bart De Wever) ആണ് തന്റെ അപൂർവ്വ സമ്മാനത്തിന് സംഭവിച്ച അബദ്ധം വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞത്. ബെൽജിയത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് ഈ ചോക്ലേറ്റ് നിർമ്മിതി തകർന്നുപോവുകയായിരുന്നു.
ലോകപ്രശസ്തമായ ബെൽജിയൻ ചോക്ലേറ്റ് ഉപയോഗിച്ച് അതിമനോഹരമായാണ് ഇന്ത്യ ഗേറ്റിന്റെ രൂപം കൊത്തിയെടുത്തിരുന്നത്. എന്നാൽ ഒരു നൂറ്റാണ്ടോളമായി തകരാതെ നിലകൊള്ളുന്ന സാക്ഷാൽ ഇന്ത്യ ഗേറ്റിനെപ്പോലെ നിൽക്കാൻ ഈ ചോക്ലേറ്റ് നിർമ്മിതിക്കായില്ലെന്നും, യാത്രയ്ക്കിടെ അത് പൊട്ടിപ്പോയെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ബാർട്ട് ഡി വെവർ തമാശരൂപേണ പറഞ്ഞു. തകർന്ന ചോക്ലേറ്റ് നിർമ്മിതിയുടെ ചിത്രം ഡൽഹിയിലെ ബെൽജിയം എംബസി സോഷ്യൽ മീഡിയയായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
എങ്കിലും നിരാശനാകാതെ അടുത്ത തവണ വരുമ്പോൾ ഇതിലും മനോഹരമായ സമ്മാനവുമായി മോദിയെ കാണുമെന്നും ബെൽജിയം പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായാണ് നെറ്റിസൺസ് എത്തുന്നത്. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബെൽജിയം പ്രധാനമന്ത്രിയും സംഘവും ഭാരതത്തിലെത്തിയത്.










