ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ നിർണ്ണായക ഓപ്പറേഷനിൽ കൊടുംഭീകരനും ലഷ്കറെ തയ്യിബ അംഗവുമായ യാസിറിനെ വധിച്ചു. പാകിസ്ഥാൻ പൗരനും ഹാഫിസ് സയീദിന്റെ ഭീകരസംഘടനയുമായി നേരിട്ട് ബന്ധവുമുള്ള യാസിറിനെ മധ്യ കശ്മീരിലെ യുസ്മാർഗിലെ ഉയർന്ന മലനിരകളിൽ വെച്ചാണ് സംയുക്ത സേന ഏറ്റുമുട്ടലിൽ വധിച്ചത്.
2024-ൽ ജമ്മു കശ്മീരിലുണ്ടായ പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാൾ. മെയ് 4-ന് പൂഞ്ചിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, സോനാമാർഗിന് സമീപം ഗംഗൻഗീറിൽ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ട ആക്രമണത്തിലും, ഗുൽമാർഗിന് സമീപം ബോട്ട പത്രിയിൽ സൈനിക വാഹനത്തിന് നേരെ മൂന്ന് സൈനികരും രണ്ട് നാട്ടുകാരും കൊല്ലപ്പെട്ട ആക്രമണത്തിലും യാസിറിന് നേരിട്ട് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.
പീർ പഞ്ചാൽ മലനിരകൾ വഴി ഭീകരസംഘം നീങ്ങുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് കരസേനയും ജമ്മു കശ്മീർ പോലീസും സിആർപിഎഫും ചേർന്ന് ആരംഭിച്ച ‘ഓപ്പറേഷൻ അഷ്ദർ’ എന്ന സംയുക്ത തിരച്ചിലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. സെപ്റ്റംബർ ഒന്നിന് പ്രദേശത്ത് വളഞ്ഞ സുരക്ഷാ സേനയുമായി നടന്ന കനത്ത ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യാസിറിന്റെ മൃതദേഹത്തോടൊപ്പം എകെ റൈഫിളും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, യാസിറിനൊപ്പമുണ്ടായിരുന്ന മൂസ എന്ന മറ്റൊരു ലഷ്കർ ഭീകരനായി ദുർഘടമായ പാറക്കെട്ടുകളിലും ഗുഹകളിലും കനത്ത മഴയും കാഴ്ചപരിമിതിയും വകവെക്കാതെ സുരക്ഷാ സേന തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. “നിങ്ങൾക്ക് ഓടി രക്ഷപ്പെടാം, എന്നാൽ ഒളിച്ചിരിക്കാൻ കഴിയില്ല” എന്ന കുറിപ്പോടെ ജമ്മു കശ്മീർ പോലീസ് ഈ വിജയകരമായ ഓപ്പറേഷൻ സ്ഥിരീകരിച്ചു.








