ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാരായ ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ അടുത്ത ചെയർമാനെ കണ്ടെത്താനുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക്. നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ കാലാവധി തീരുന്നതോടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയിൽ മൂന്ന് പ്രമുഖരുടെ പേരുകളാണ് പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. ടാറ്റാ സ്റ്റീൽ സിഇഒ ടി. വി. നരേന്ദ്രൻ, ടാറ്റാ സൺസ് ഗ്രൂപ്പ് സിഎഫ്ഒ സൗരഭ് അഗർവാൾ എന്നിവർക്കൊപ്പം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മേധാവി ആശിഷ് കുമാർ ചൗഹാനും അപ്രതീക്ഷിതമായി ഈ പട്ടികയിലേക്ക് എത്തിയിട്ടുണ്ട്.
കമ്പനിക്കുള്ളിൽ നിന്നുള്ള സ്ഥാനാർത്ഥികളിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ടി. വി. നരേന്ദ്രനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ധനകാര്യ മേഖലയിലും മൂലധന വിനിയോഗത്തിലും വലിയ പരിചയസമ്പത്തുള്ള സൗരഭ് അഗർവാളും ശക്തമായ മത്സരരംഗത്തുണ്ട്. എന്നാൽ പുറത്തുനിന്നുള്ള ശക്തമായ സാന്നിധ്യമായി എൻഎസ്ഇ സിഇഒ ആശിഷ് കുമാർ ചൗഹാന്റെ പേര് ഉയർന്നുവന്നത് കോർപ്പറേറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലും സാമ്പത്തിക വിപണിയിലുമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്താണ് ചൗഹാനെ പ്രധാന അവകാശിയാക്കുന്നത്.
ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ നേതൃത്വത്തിൽ ഉയർന്ന തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അവസാന നിമിഷം ഔദ്യോഗിക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്തുലക്ഷത്തിലധികം ജീവനക്കാരും നിരവധി പ്രമുഖ ബിസിനസുകളുമുള്ള ടാറ്റാ സാമ്രാജ്യത്തിന്റെ ഭാവി അമരക്കാരൻ ആരാകുമെന്ന ആകാംഷയിലാണ് സാമ്പത്തിക ലോകം.











