ഡൽഹി മെട്രോ ട്രെയിനിന്റെ ഗ്ലാസിൽ മൊബൈൽ ഫോൺ ഘടിപ്പിച്ച് ചിത്രീകരിച്ച ബോളിവുഡ് സ്റ്റൈൽ അഭ്യാസ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു. കണ്ടന്റ് ക്രിയേറ്ററായ നിഖിൽ കൊച്ചാർ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 13.7 കോടിയിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുമ്പോൾ വിൻഡോ ഗ്ലാസിൽ ഫോൺ ഒട്ടിച്ചുവെച്ച് ഡാൻസ് ചെയ്യുകയും, ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ പുറകിലൂടെ ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഒറ്റനോട്ടത്തിൽ അതിസാഹസികമെന്ന് തോന്നുമെങ്കിലും ഇത് എങ്ങനെ ചിത്രീകരിച്ചു എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങളും സംശയങ്ങളും ഉയർന്നിട്ടുണ്ട്. മെട്രോ ഗ്ലാസിലെ പ്രതിഫലനങ്ങളും കൈകളുടെ ചലനങ്ങളിലെ വ്യത്യാസങ്ങളും ചൂണ്ടിക്കാട്ടി, ട്രെയിനിനകത്തുനിന്ന് മറ്റൊരാൾ ഷൂട്ട് ചെയ്ത ഒന്നിലധികം ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തതാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും കണ്ടെത്തൽ.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കർശന മുന്നറിയിപ്പുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) രംഗത്തെത്തി. ഓടുന്ന ട്രെയിനുകളുടെ ജനൽച്ചില്ലുകളിൽ മൊബൈൽ ഫോണുകൾ ഒട്ടിച്ചുവെച്ച് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ നടത്തുന്ന ഇത്തരം ചിത്രീകരണങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനും അപകടങ്ങൾക്കും മൊബൈൽ ഫോൺ തകരുന്നതിനും ഇത് കാരണമാകും. ഇത്തരം പ്രവണതകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മെട്രോ പരിസരങ്ങളിൽ ഇത്തരം ഷൂട്ടുകൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിഎംആർസി മുന്നറിയിപ്പ് നൽകി. മെട്രോ ശൃംഖലയ്ക്കുള്ളിൽ അപകടകരമായ വീഡിയോ ചിത്രീകരണങ്ങൾ നടത്തരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.









