ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും വിദ്യാലയങ്ങളിലെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക ‘ലെറ്റ്സ് ഗോ ടു സ്കൂൾ’ ക്യാമ്പയിൻ ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ജീർണ്ണാവസ്ഥയിലായ സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അന്തരിച്ച ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം അടയാളപ്പെടുത്തിയുമാണ് സംസ്ഥാന സർക്കാർ ഈ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 5 മുതൽ വിജയദശമി ദിനമായ ഒക്ടോബർ 20 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാജസ്ഥാനിലും ഉത്തർപ്രദേശിലും സമാനമായ രീതിയിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അധികൃതർ നടപടിയെടുത്തിരുന്നു. ജയ്‌പൂരിൽ അപകടാവസ്ഥയിലായ സർക്കാർ സ്കൂൾ കെട്ടിടം അധികൃതർ പൊളിച്ചുനീക്കിയ സംഭവം ഇതിന് ഉദാഹരണമാണ്.










