സ്ത്രീകൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെടരുത് എന്ന വിവാദ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം എപി അബൂബക്കർ മുസലിയാർ വീണ്ടും രംഗത്ത്. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്തിപ്പറയേണ്ടതല്ലെന്നും, ആരുടെയും അഭിപ്രായ പ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികഞ്ഞ ആലോചനയോടും പരിശോധനയോടും കൂടിയാണ് പറഞ്ഞിട്ടുള്ളതെന്നും, അതിനാൽ തന്നെ പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തിപ്പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും തിരൂരങ്ങാടിയിൽ നടന്ന സമസ്ത സെന്റിനറി സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സംസാരിക്കവെ കാന്തപുരം വ്യക്തമാക്കി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാന്തപുരത്തെ സന്ദർശിക്കാനെത്തുന്നതിനിടെയാണ് അദ്ദേഹം ഈ വിവാദ പ്രസ്താവന ആവർത്തിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തന്റെ രാജ്യത്ത് സ്ത്രീകൾക്ക് തുല്യനീതിയാണെന്ന് വ്യക്തമാക്കിയ മലേഷ്യൻ പ്രധാനമന്ത്രി, കാന്തപുരത്തിന്റെ പരാമർശത്തെ തള്ളിക്കളഞ്ഞിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ അദ്ദേഹം, ഖുർആൻ, മതപാരമ്പര്യം, പ്രവാചകൻ എന്നീ വിഷയങ്ങളിൽ വലിയ സംഭാവനകൾ നൽകിയ മികച്ച അധ്യാപകനും പണ്ഡിതനുമാണ് കാന്തപുരമെന്നും, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കണമെന്നില്ലെന്നും പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിലായിരുന്നു സ്ത്രീകൾക്കെതിരെയുള്ള കാന്തപുരത്തിന്റെ വിവാദ പരാമർശം ആദ്യം ഉണ്ടാകുന്നത്. നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശമെന്ന നിലയിലായിരുന്നു ആ പ്രസ്താവന. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും, ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെ ഇടതുസംഘടനകളും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും, പ്രസ്താവന വിവാദമായപ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സമീപനമാണ് കാന്തപുരം സ്വീകരിച്ചത്.








