2001-ലെ 9/11 വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. മുൻ അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവിട്ടു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഒസാമ ബിൻ ലാദൻ മുൻപ് ആക്രമണത്തിനായി ലക്ഷ്യമിട്ടിരുന്നു എന്നാണ് സി.ഐ.എ. പുറത്തുവിട്ട പ്രസിഡൻഷ്യൽ ഇന്റലിജൻസ് രേഖകളിൽ വെളിപ്പെടുത്തുന്നത്. 1998 ഓഗസ്റ്റ് 28-ലെ രേഖകളിലാണ് ഒന്നിലധികം രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി പരാമർശിച്ചിരിക്കുന്നത്.
പാകിസ്ഥാൻ, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, കൂടാതെ നൈജീരിയയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭാഗികമായി വിവരങ്ങൾ ഒഴിവാക്കപ്പെട്ട ഈ മെമ്മോ വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയിൽ ഏതെങ്കിലും നിർദ്ദിഷ്ട ലക്ഷ്യങ്ങളോ ആക്രമണ തീയതിയോ കൃത്യമായ പ്രവർത്തന പദ്ധതിയോ ഈ രേഖകളിൽ തിരിച്ചറിഞ്ഞിട്ടില്ല. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കേ ഏഷ്യ എന്നിവിടങ്ങളിൽ ബിൻ ലാദന് ശക്തമായ ശൃംഖലയുണ്ടെന്നും, ഈ പ്രദേശങ്ങളിലെ യു.എസ്. താൽപ്പര്യങ്ങളെയും അയാൾ ലക്ഷ്യമിടുമെന്ന റിപ്പോർട്ടുകൾക്ക് ഇത് വിശ്വാസ്യത നൽകുന്നുവെന്നും രേഖയിൽ പറയുന്നു.
അഫ്ഘാനിസ്ഥാനിലെ യു.എസ്. ആക്രമണങ്ങളെ അതിജീവിച്ച ബിൻ ലാദനും മറ്റ് ഭീകര നേതാക്കളുടെയും ആശയവിനിമയ ശൃംഖലകൾ സുരക്ഷിതമായി തുടരുന്നുവെന്നും ഭീകരവാദ ഗ്രൂപ്പ് ചില ക്യാമ്പുകളിൽ പരിശീലനം പുനരാരംഭിച്ചിരുന്നുവെന്നും രേഖകൾ വിലയിരുത്തുന്നു. അമേരിക്കയ്ക്കും യുകെയ്ക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് പുറമെ കുറഞ്ഞത് 60 രാജ്യങ്ങളിലെ വ്യക്തികളുടെയും സഖ്യഗ്രൂപ്പുകളുടെയും സഹായത്തോടെ ആക്രമണങ്ങൾ നടത്താൻ അൽ-ഖ്വയ്ദ മേധാവി ശ്രമിച്ചിരുന്നതായും മെമ്മോ ചൂണ്ടിക്കാണിക്കുന്നു.
ബിൽ ക്ലിന്റന്റെയും ജോർജ്ജ് ഡബ്ല്യു. ബുഷിന്റെയും പ്രസിഡന്റ് കാലയളവുകളിൽ യു.എസ്. ഭരണകൂടത്തിന് സാധ്യമായ ഭീകരാക്രമണങ്ങളെക്കുറിച്ച് സി.ഐ.എ. നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നതായി ഈ രേഖകൾ വ്യക്തമാക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലൊന്നായ 9/11 ആക്രമണത്തിന് തൊട്ടുമുമ്പുള്ള വർഷങ്ങളിലെ അതിലോലമായ രഹസ്യാന്വേഷണ വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സി.ഐ.എ. പ്രസ്താവനയിൽ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11-ന് അൽ-ഖ്വയ്ദ ഭീകരർ നാല് വിമാനങ്ങൾ റാഞ്ചുകയും, അതിൽ രണ്ടെണ്ണം വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലും ഒരെണ്ണം പെന്റഗണിലും ഇടിച്ചിറക്കുകയും ചെയ്തതോടെ ലോകത്തെ ഞെട്ടിച്ച വലിയ ദുരന്തമാണ് സംഭവിക്കുന്നത്.








