ഇസ്‌ലാമാബാദ്: ആഗോള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയിൽ നിരവധി കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ കൊടും ഭീകരനുമായ മസൂദ് അസ്ഹറിന്റെ തലയ്ക്ക് പാകിസ്ഥാൻ പ്രഖ്യാപിച്ച ഇനാം തുക വർദ്ധിപ്പിച്ചു. 70 ലക്ഷം പാക്കിസ്ഥാനി രൂപയാണ് (ഏകദേശം 24.09 ലക്ഷം ഇന്ത്യൻ രൂപ) ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ 50 ലക്ഷം പാക്കിസ്ഥാനി രൂപയായിരുന്ന ഇനാമാണ് ഇപ്പോൾ 20 ലക്ഷം രൂപ കൂടി ഉയർത്തിയിരിക്കുന്നത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങളെ നിരീക്ഷിക്കുന്ന രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) കണ്ണിൽ പൊടിയിടാനുള്ള പാകിസ്ഥാന്റെ മറ്റൊരു പ്രഹസനമാണിതെന്നാണ് ആഗോള നിരീക്ഷകർ വിലയിരുത്തുന്നത്.
പാകിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി (എഫ്.ഐ.എ) പുതുതായി പുറത്തുവിട്ട 2026-ലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയായ ‘റെഡ് ബുക്കിൽ’ മസൂദ് അസ്ഹറിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. മസൂദ് അസ്ഹർ തങ്ങളുടെ രാജ്യത്ത് എവിടെയുണ്ടെന്ന് അറിയില്ലെന്നും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ എക്കാലവും ആവർത്തിച്ചു വാദിക്കുന്നത്. എന്നാൽ പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും സമ്പൂർണ്ണ സംരക്ഷണത്തിൽ ഇയാൾ റാവൽപിണ്ടിയിലും ബഹാവൽപൂരിലുമായി സുരക്ഷിതമായി കഴിയുകയാണെന്നതിന് ഇന്ത്യ നിരവധി തവണ വ്യക്തമായ തെളിവുകൾ പുറത്തുവിട്ടിട്ടുള്ളതാണ്.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം, 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച 2019-ലെ പുൽവാമ ചാവേറാക്രമണം തുടങ്ങി ഇന്ത്യയെ നടുക്കിയ ഒട്ടനവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് ഐക്യരാഷ്ട്രസഭ കൊടും ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹർ. എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിലോ ഗ്രേ ലിസ്റ്റിലോ വീണ്ടും അകപ്പെടാതിരിക്കാനും അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ തടസ്സമില്ലാതെ നേടിയെടുക്കാനും വേണ്ടിയാണ് തങ്ങൾ ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ എടുക്കുന്നുവെന്ന് വരുത്തിതീർക്കാൻ പാകിസ്ഥാൻ ഇത്തരം നാടകങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. തലയ്ക്ക് ചെറിയൊരു തുക ഇനാം പ്രഖ്യാപിച്ചതുകൊണ്ട് പാകിസ്ഥാന്റെ ഭീകര പ്രോത്സാഹന നിലപാടുകൾ മറച്ചുവെക്കാനാകില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.









