വാഷിംഗ്ടൺ: 1999-ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലിന് (കാണ്ഡഹാർ റാഞ്ചൽ) പിന്നാലെ അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദനോട് സുരക്ഷ അതിശക്തമാക്കാൻ അന്നത്തെ താലിബാൻ ഭരണകൂടം കർശന നിർദേശം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. അമേരിക്കയെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് യുഎസ് ചാരസംഘടനയായ സിഐഎ (CIA) പുറത്തുവിട്ട രഹസ്യരേഖകളിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്. 2000 ജനുവരിയിൽ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന് സമർപ്പിച്ച പ്രതിദിന രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് (Presidential Daily Briefs) ബിൻ ലാദനും താലിബാനും തമ്മിലുണ്ടായിരുന്ന അവിശുദ്ധ ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
1999 ഡിസംബർ 24-നാണ് കാഠ്മണ്ഡുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 വിമാനം ഹർക്കത്തുൽ മുജാഹിദീൻ ഭീകരർ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയത്. യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി ഡിസംബർ 31-ന് ഇന്ത്യ മൂന്ന് കൊടുംഭീകരരെ മോചിപ്പിച്ച് താലിബാന് കൈമാറിയതോടെയാണ് എട്ട് ദിവസം നീണ്ടുനിന്ന വിമാനറാഞ്ചൽ നാടകത്തിന് അവസാനമായത്. ഇതിന് തൊട്ടുപിന്നാലെ 2000 ജനുവരി 3-ന് ബിൽ ക്ലിന്റന് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് താലിബാന്റെ ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കുന്നത്. കാണ്ഡഹാറിലെ ബന്ദി പ്രതിസന്ധി മറയാക്കി മറ്റ് വിദേശ രാജ്യങ്ങൾ ലാദനെതിരെ പെട്ടെന്നൊരു ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും, അതിനാൽ സുരക്ഷ വർദ്ധിപ്പിക്കണമെന്നും താലിബാൻ ലാദന് നേരിട്ട് മുന്നറിയിപ്പ് നൽകുകയായിരുന്നു. അൽ ഖ്വയ്ദയ്ക്കും ബിൻ ലാദനും താലിബാൻ നൽകിയിരുന്ന അടിയുറച്ച പിന്തുണയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിഐഎ രേഖകൾ ചൂണ്ടിക്കാട്ടുന്നു. പുറത്തുവന്ന 71 സുപ്രധാന രേഖകളിലാണ് ഈ പരാമർശങ്ങളുള്ളത്.
ഇതിന് പുറമെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വൻ ഭീകരാക്രമണങ്ങൾക്ക് ബിൻ ലാദൻ അക്കാലത്ത് തന്നെ പദ്ധതിയിട്ടിരുന്നതായും രേഖകൾ പറയുന്നു. 1998 ഓഗസ്റ്റ് 28-ന് ക്ലിന്റന് സമർപ്പിച്ച മറ്റൊരു റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാൻ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങൾക്കും അറേബ്യൻ മേഖലയിലെ കുവൈറ്റ്, സൗദി അറേബ്യ, യെമൻ തുടങ്ങിയ രാജ്യങ്ങൾക്കും നേരെ വൻ ആക്രമണം നടത്താൻ അൽ ഖ്വയ്ദ ലക്ഷ്യമിട്ടിരുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ബിൻ ലാദൻ ഉണ്ടാക്കിയെടുത്ത ശക്തമായ ഭീകര ശൃംഖലകൾ ഉപയോഗിച്ച് ആഗോളതലത്തിൽ അമേരിക്കൻ താത്പര്യങ്ങൾക്കെതിരെയും കനത്ത ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇപ്പോൾ പരസ്യമാക്കിയ ഈ രേഖകൾ വെളിപ്പെടുത്തുന്നു. വിമാനറാഞ്ചൽ സമയത്ത് അഫ്ഗാനിലെ താലിബാൻ ഭരണകൂടം സ്വീകരിച്ച ഇരട്ടത്താപ്പാണ് അമേരിക്കൻ ഏജൻസിയുടെ വെളിപ്പെടുത്തലിലൂടെ വീണ്ടും മറനീക്കി പുറത്തുവരുന്നത്.









