ന്യൂഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ വർഷം (2025) ഒരൊറ്റ കല്ലേറ് സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ഭീകര സംഘടനകളിലേക്കുള്ള തദ്ദേശീയരായ യുവാക്കളുടെ കടന്നുവരവിൽ വൻ ഇടിവ് രേഖപ്പെടുത്തിയെന്നും വ്യക്തമാക്കി പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങളെ തുറന്നുകാട്ടുന്ന പുതിയ കണക്കുകളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിയന്ത്രണ രേഖയിലൂടെയുള്ള (LoC) നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും, റെക്കോർഡ് വിനോദസഞ്ചാരികൾ കശ്മീരിലേക്ക് ഒഴുകിയെത്തുന്നതും താഴ്‌വരയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ തെളിവായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർശനമായ സുരക്ഷാ നയങ്ങളുടെയും വികസന പദ്ധതികളുടെയും വിജയമായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.
നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. 2025-ൽ നിയന്ത്രണ രേഖവഴി വെറും ആറ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ മാത്രമാണ് നടന്നത്. അതിർത്തി കടക്കാൻ ശ്രമിച്ച 12 പാകിസ്ഥാനി ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. 2021-ൽ 8, 2022-ൽ 12, 2023-ൽ 18, 2024-ൽ 10 എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ. 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ അതിർത്തി കടക്കാൻ ശ്രമിച്ച 97 ഭീകരരെയാണ് ഇന്ത്യൻ സുരക്ഷാ സേന വകവരുത്തിയത്. ഇതിൽ 36 പേരും കൊല്ലപ്പെട്ടത് 2023-ലാണ്. നിയന്ത്രണ രേഖവഴിയുള്ള നുഴഞ്ഞുകയറ്റം കർശനമായി തടഞ്ഞതോടെ, ഭീകരർ രാജ്യാന്തര അതിർത്തി (International Border) വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. അതിർത്തിയിലെ കർശന നിരീക്ഷണത്തിനൊപ്പം കശ്മീരിന്റെ ആഭ്യന്തര പ്രദേശങ്ങളിലും ഭീകരവിരുദ്ധ പോരാട്ടങ്ങൾ ശക്തമായി തുടരുകയാണ്. 2025-ൽ വിവിധ ഏറ്റുമുട്ടലുകളിലായി 19 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇതിൽ എട്ടുപേർ (40 ശതമാനം) പാകിസ്ഥാൻ പൗരന്മാരാണെന്നത്, കശ്മീരിൽ പാകിസ്ഥാൻ ഇപ്പോഴും തുടരുന്ന നിഴൽയുദ്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
അതേസമയം, നുഴഞ്ഞുകയറ്റം കുറഞ്ഞെങ്കിലും അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ കഴിഞ്ഞ വർഷം വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2025-ൽ 163 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിൽ 124 എണ്ണവും കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) നടപടികൾക്കിടെയാണ് സംഭവിച്ചത്. 2024-ൽ രണ്ട് തവണയും, 2023-ൽ പൂർണ്ണമായും പൂജ്യവും, 2022-ൽ വെറും ഒരു തവണയുമായിരുന്നു വെടിനിർത്തൽ കരാർ ലംഘനം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ ചെറിയൊരു സംഖ്യ മാത്രമാണ്. 2019-ൽ 3,233 തവണയും, 2020-ൽ 4,645 തവണയും, 2021-ൽ 594 തവണയുമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നത്. പുതിയ കണക്കുകൾ പ്രകാരം, അതിർത്തിയിലെ പാക് പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം അതിശക്തമായ തിരിച്ചടിയാണ് നൽകുന്നതെന്നും, കശ്മീർ ജനത ഭീകരവാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് മടങ്ങിയെത്തിയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അടിവരയിട്ടുറപ്പിക്കുന്നു. വിനോദസഞ്ചാര മേഖലയിലുണ്ടായ ചരിത്രപരമായ കുതിച്ചുചാട്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും ജനങ്ങളുടെ ജീവിതനിലവാരവും വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്.









