നീണ്ട വർഷങ്ങളുടെ തർക്കങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കിഷാവു ബഹുമുഖ അണക്കെട്ട് പദ്ധതിക്കായി ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യമുനയുടെ പോഷകനദിയായ ടോൺസ് നദിക്ക് കുറുകെ ഹിമാചൽ പ്രദേശിലെ സിർമൂർ, ഉത്തരാഖണ്ഡിലെ ഡെറാഡൂൺ അതിർത്തിയിലാണ് 236 മീറ്റർ ഉയരമുള്ള ഈ കൂറ്റൻ അണക്കെട്ട് നിർമ്മിക്കുന്നത്. സാമ്പത്തിക ബാധ്യതയും വെള്ളത്തിന്റെയും വൈദ്യുതിയുടെയും വിഭജനവും സംബന്ധിച്ച തർക്കങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ പുതിയ കരാറിലെത്തിയിരിക്കുന്നത്.
പദ്ധതിയുടെ കുടിവെള്ള വെള്ളപ്പൊക്ക നിയന്ത്രണ ഘടകങ്ങളുടെ ആകെ ചെലവിന്റെ 90 ശതമാനവും കേന്ദ്ര സർക്കാർ സഹായമായി നൽകും. ബാക്കി വരുന്ന തുക പങ്കാളിത്ത സംസ്ഥാനങ്ങൾ വഹിച്ച് പദ്ധതി വേഗത്തിൽ പൂർത്തിയാക്കും. അണക്കെട്ട് യാഥാർത്ഥ്യമാകുന്നതോടെ 660 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതുകൂടാതെ ലക്ഷക്കണക്കിന് ഹെക്ടർ കൃഷിഭൂമിയിലേക്ക് ജലസേചന സൗകര്യമെത്തിക്കാനും ദേശീയ തലസ്ഥാനമായ ഡൽഹിയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ഈ അണക്കെട്ടിന് സാധിക്കും.
യമുനാ നദിയുടെ ശുചീകരണത്തിനും പുനരുജ്ജീവനത്തിനും നിർണായക പങ്കുവഹിക്കാൻ ഈ പദ്ധതിക്ക് കഴിയും. വർഷങ്ങളായി മുടങ്ങിക്കിടന്ന ഈ വൻകിട പദ്ധതിയിലൂടെ ഉത്തരേന്ത്യയിലെ കാർഷിക, ഊർജ്ജ മേഖലകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ട ജലവും വൈദ്യുതിയും ഉറപ്പുനൽകുന്ന സമഗ്രമായ പദ്ധതി നിർദ്ദേശം ഉടൻ തന്നെ കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും.









