ന്യൂഡൽഹി: റൈഡ് ബുക്ക് ചെയ്യുമ്പോൾ മുൻകൂർ ടിപ്പും അധിക തുകയും ആവശ്യപ്പെട്ട് യാത്രക്കാരെ കബളിപ്പിച്ച പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ‘റാപിഡോയ്ക്ക്’ (Rapido) കനത്ത പിഴ. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനവും ഡാർക്ക് പാറ്റേണുകളുടെ (Dark Patterns) ഉപയോഗവും കണ്ടെത്തിയതിനെത്തുടർന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് (CCPA) റാപിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയത്. ചീഫ് കമ്മീഷണർ നിധി ഖാരെ, കമ്മീഷണർ അനുപം മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഉത്തരവിറക്കിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അനീതിപരമായ വ്യാപാര രീതികൾ, ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇന്റർഫേസ് ഡിസൈനുകൾ എന്നിവ ചൂണ്ടിക്കാണിച്ചാണ് നടപടി.
രാജ്യത്ത് സർവീസ് നടത്തുന്ന വിവിധ ക്യാബ്, ബൈക്ക് ടാക്സി അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകളിൽ CCPA നടത്തിയ സമഗ്ര പരിശോധനയുടെ ഭാഗമായാണ് റാപിഡോയ്‌ക്കെതിരായ നടപടി. റൈഡ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സമയത്ത് “വില കൂടിയാൽ റൈഡ് കിട്ടാനുള്ള സാധ്യത കൂടും”, “60 രൂപയ്ക്ക് ഡ്രൈവർമാർ തയാറാകുന്നില്ല, 10, 20 അല്ലെങ്കിൽ 30 രൂപ കൂടി ചേർത്തു നോക്കൂ” തുടങ്ങിയ സന്ദേശങ്ങൾ ആപ്പിൽ കാണിക്കുന്നത് അധികൃതർ കണ്ടെത്തി. റൈഡ് ബുക്ക് ചെയ്ത് വാഹനം ലഭിക്കാൻ കാത്തിരിക്കുന്ന കൃത്യമായ സമയത്ത് യാത്രക്കാരിൽ ഭയവും ആശങ്കയും ഉണ്ടാക്കുന്ന ഇത്തരം തന്ത്രങ്ങൾ ‘കൺഫേം ഷെയ്മിംഗ്’ (Confirm Shaming) എന്ന വിഭാഗത്തിൽപെടുന്ന ഡാർക്ക് പാറ്റേണാണെന്ന് CCPA വ്യക്തമാക്കി. കൂടുതൽ പണം നൽകിയില്ലെങ്കിൽ റൈഡ് നഷ്ടപ്പെടുമെന്ന തോന്നൽ ഇത് ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നു.
ഇതിനുപുറമെ, ആപ്പിലെ കളർ കോഡഡ് പ്രൈസിങ് സ്ലൈഡറും ഉപഭോക്താക്കളെ തെറ്റായി സ്വാധീനിക്കുന്ന മറ്റൊരു ഡാർക്ക് പാറ്റേൺ ആണെന്ന് കണ്ടെത്തി. വില കൂട്ടിയാൽ ‘റൈഡ് ലഭിക്കാനുള്ള ഉയർന്ന സാധ്യത’ പച്ച നിറത്തിലും, വില കുറച്ചാൽ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് മുന്നറിയിപ്പായും കാണിക്കുന്ന രീതിയായിരുന്നു റാപിഡോ സ്വീകരിച്ചിരുന്നത്. ഉപഭോക്താക്കളെ കൂടുതൽ പണം നൽകാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഈ ഇന്റർഫേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റൈഡിനായി തുടക്കത്തിൽ കാണിക്കുന്ന തുകയിൽ തന്നെ ദൂരവും സമയവും ടോളും ഡ്രൈവർക്കുള്ള കൂലിയുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ, റൈഡ് ആരംഭിക്കുന്നതിന് മുൻപ് വീണ്ടും പണം ആവശ്യപ്പെടുന്നതിൽ യാതൊരു ന്യായവുമില്ലെന്ന് CCPA നിരീക്ഷിച്ചു.
സേവനം പൂർത്തിയായതിന് ശേഷം മാത്രം ഉപഭോക്താക്കൾ സ്വമേധയാ നൽകേണ്ട ഒന്നാണ് ടിപ്പ്. എന്നാൽ ബുക്കിംഗ് സമയത്ത് തന്നെ ഇത് നിർബന്ധിത സ്വഭാവത്തിൽ അവതരിപ്പിക്കുന്നതിനെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗനിർദ്ദേശങ്ങൾ കർശനമായി എതിർക്കുന്നുണ്ട്. അധിക തുക നൽകിയാൽ റൈഡ് വേഗത്തിൽ ലഭിക്കുമെന്നതിന് യാതൊരുവിധ ഔദ്യോഗിക കണക്കുകളോ തെളിവുകളോ ഹാജരാക്കാൻ റാപിഡോയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതേതുടർന്നാണ് കമ്പനിയുടെ വാദങ്ങൾ തള്ളിക്കൊണ്ട് CCPA പിഴ ചുമത്തിയത്. റാപിഡോയ്ക്ക് പുറമെ ഊബർ, ഒല, നമ്മ യാത്രി തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇത്തരത്തിലുള്ള ഡാർക്ക് പാറ്റേൺ പ്രയോഗങ്ങൾക്കെതിരെയുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. ഉപഭോക്താക്കൾ ഇത്തരം വഞ്ചനാപരമായ രീതികൾക്കെതിരെ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ നമ്പറായ 1915 വഴി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.











