തൃശൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് കണ്ണനുമുന്നിൽ തെളിച്ചുവരുന്ന നൂറ്റാണ്ട് പഴക്കമുള്ള ‘കോടതിവിളക്ക്’ എന്ന ചടങ്ങ് പുനർനാമകരണം ചെയ്തു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് ഇനി മുതൽ ഈ ചടങ്ങ് ‘നീതിവിളക്ക്’ എന്ന പേരിലായിരിക്കും അറിയപ്പെടുക. ദേവസ്വം ഭരണസമിതിയുടെ യോഗത്തിലാണ് പേര് മാറ്റാൻ ഔദ്യോഗികമായി തീരുമാനമായത്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവരാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വരുന്ന നവംബറിലാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾ നടക്കുന്നത്.
ഏകാദശിയോടനുബന്ധിച്ച് വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ചേർന്ന് 30 ദിവസം വിളക്കുകൾ നടത്തുന്നതാണ് ഗുരുവായൂരിലെ പതിവ്. ന്യായാധിപന്മാർ, അഭിഭാഷകർ, അഡ്വക്കേറ്റ് ക്ലാർക്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ‘കോർട്ട് വിളക്ക് സെലിബ്രേഷൻ കമ്മിറ്റിയാണ്’ എല്ലാ വർഷവും ഈ ചടങ്ങ് നടത്തിവന്നിരുന്നത്. ദേവസ്വം രേഖകളിൽ ‘ചാവക്കാട് മുൻസിഫ് കോടതി വിളക്ക്’ എന്നാണ് ഈ വഴിപാട് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മതനിരപേക്ഷ സമൂഹത്തിൽ ഒരു കോടതിയുടെ ഔദ്യോഗിക നാമം ഉപയോഗിച്ച് ക്ഷേത്രത്തിൽ ചടങ്ങ് നടത്തുന്നത് ശരിയല്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 2022-ൽ ഹൈക്കോടതി ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ദേവസ്വത്തിന് കത്തയച്ചിരുന്നു. കോടതിവിളക്ക് എന്ന പേര് ഒഴിവാക്കണമെന്നും, സാവകാശത്തിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉചിതമായ മറ്റൊരു പേര് കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സംഘാടകരുടെയും ബന്ധപ്പെട്ടവരുടെയുമായാണ് ചർച്ചകൾ നടത്തിയാണ് ഒടുവിൽ പേര് ‘നീതിവിളക്ക്’ എന്ന് മാറ്റാൻ തീരുമാനിച്ചത്. വർഷങ്ങൾക്ക് മുൻപ് ലഭിച്ച നിർദേശപ്രകാരമുള്ള ഈ പേരുമാറ്റം നിലവിൽ വന്നതോടെ ഇനി മുതൽ നവംബറിലെ ഏകാദശി ഉത്സവത്തോടനുബന്ധിച്ചുള്ള ഈ പ്രത്യേക ചടങ്ങ് ‘നീതിവിളക്ക്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.












