കോട്ടയം: ഇൻവോയ്സില്ലാതെ കൈപ്പറ്റിയ തുക കേവലം വരുമാനമല്ല, മറിച്ച് വ്യക്തമായ കൈക്കൂലിയാണെന്നും ഭാവി ബിസിനസിനായി 20 കോടി രൂപ കൈപ്പറ്റിയതായി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. ജനപ്രതിനിധികളും നേതാക്കളും ഓരോ വർഷവും കൃത്യമായി സ്വത്തുവിവരങ്ങൾ വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിലും മാസങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ച സത്യവാങ്മൂലത്തിലും കാണിച്ചതിനേക്കാൾ കൂടുതൽ സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും ഇപ്പോൾ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
ഇത്രയും വലിയ സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും പുറത്തുവന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതി ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും ഇരുവർക്കുമെതിരെ ശക്തമായ സംഘടനാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനത്തിലും സാമ്പത്തിക ഇടപാടുകളിലും വ്യക്തമായ അന്വേഷണം വേണമെന്നും ജനങ്ങളെ വഞ്ചിച്ച നേതാക്കൾക്ക് പാർട്ടി സംരക്ഷണം നൽകരുതെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.












