ന്യൂഡൽഹി: യെമൻ തീരത്തും ചെങ്കടൽ മേഖലയിലും ഹൂതി വിമതരുടെ ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടെ, രാജ്യത്തേക്കുള്ള ഊർജ വിതരണത്തെക്കുറിച്ച് നിർണായക വിശദീകരണവുമായി കേന്ദ്ര സർക്കാർ. തന്ത്രപ്രധാനമായ ചരക്കുപാതയായ ബാബ് എൽ മാണ്ടെബ് (Bab el-Mandeb) വഴിയുള്ള ഇന്ത്യയുടെ ഊർജ വിതരണം യാതൊരു തടസ്സവുമില്ലാതെ സുഗമമായി തുടരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന പതിവ് വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങൾക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം അക്രമണങ്ങൾ പ്രാദേശിക സ്ഥിരതയെ തകിടം മറിക്കുന്നതിനൊപ്പം, ബാബ് എൽ മാണ്ടെബ് വഴിയുള്ള സ്വതന്ത്രമായ സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമോ എന്ന ആശങ്കകൾക്കിടയിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഈ ആശ്വാസകരമായ വിശദീകരണം വന്നിരിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.









