കോഴിക്കോട്: മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്ത് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫെബീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്തു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് പിന്നാലെ ഇദ്ദേഹത്തിന്റെ ബാങ്ക് ലോക്കർ ഇഡി സംഘം സീൽ ചെയ്തു. 50 പവനിൽ അധികം സ്വർണവും വലിയ തുകയും ലോക്കറിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ലോക്കറിൽ കണ്ടെത്തിയ സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇഡി സംഘം വ്യക്തത തേടിയെങ്കിലും, അത് തന്റെ സഹോദരിയുടെ സ്വർണമാണെന്നാണ് ഫെബീഷ് മൊഴി നൽകിയത്. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. സാധാരണ രീതിയിൽ പോലീസ് എഫ്.ഐ.ആർ എടുത്ത ശേഷമാണ് ഇഡി അന്വേഷണത്തിലേക്ക് കടക്കാറുള്ളതെങ്കിലും, ഈ കേസിൽ പോലീസ് നടപടികൾക്ക് കാത്തുനിൽക്കാതെ ഒരുമുഴം മുമ്പേ പ്രാഥമിക അന്വേഷണവുമായി ഇഡി മുന്നോട്ട് പോവുകയായിരുന്നു. ഇഡിയുടെ പ്രാഥമിക പരിശോധനയ്ക്ക് എഫ്.ഐ.ആറിന്റെ ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.












