പാകിസ്ഥാനും ചൈനയും തമ്മിൽ സംയുക്ത അതിർത്തി കമ്മീഷൻ പ്രവർത്തനം ആരംഭിച്ചതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. അനധികൃതമായി കൈയേറിയ ഇന്ത്യൻ പ്രദേശങ്ങളിൽ അതിർത്തി കരാറുകൾ ഉണ്ടാക്കാൻ പാകിസ്ഥാന് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും ആ പ്രദേശങ്ങളിൽ നിന്ന് ഉടൻ ഒഴിഞ്ഞു പോകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പാകിസ്ഥാന്റെയും ചൈനയുടെയും നീക്കത്തെ പാടേ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ വ്യക്തമാക്കി. “ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സുദൃഢവുമാണ്. പാകിസ്ഥാനും ചൈനയും തമ്മിൽ യാതൊരുവിധ അതിർത്തിയുമില്ല. അതിനാൽ തന്നെ യാതൊരു നിയമസാധുതയുമില്ലാത്ത ഈ സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളിക്കളയുന്നു,” അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരും ലഡാക്കും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 1963-ൽ പാകിസ്ഥാനും ചൈനയും ഒപ്പുവെച്ച അതിർത്തി കരാർ അനധികൃതവും അസാധുവുമാണെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് അധിനിവേശ കശ്മീരിലെ വടക്കൻ മേഖലകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് പാകിസ്ഥാനും ചൈനയും തമ്മിൽ വ്യാജ അതിർത്തി നിർണ്ണയ കരാറുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടേതായ പരമാധികാര പ്രദേശങ്ങളിൽ മറ്റേതെങ്കിലും രാജ്യം അവകാശവാദം ഉന്നയിക്കുന്നതിനെയോ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെയോ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ നടത്തുന്ന നിയമവിരുദ്ധ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.








