കൊച്ചി: പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ടി.വിയുടെ കൊച്ചിയിലെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ നിർണ്ണായക പരിശോധനയിൽ യു.എസ് ഡോളറുകളും വിദേശ ബാങ്കുകളുടെ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു. ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണ ഭാഗമായാണ് പോലീസ് നടപടി. കണ്ടെടുത്ത വിദേശ കറൻസികളുടെയും എ.ടി.എം കാർഡുകളുടെയും ഉറവിടത്തെക്കുറിച്ചും ഇവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചു വരികയാണ്.
നേരത്തെ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ എസ്.ഐ.ടി 13 മണിക്കൂറിലധികം നീളുന്ന മാരത്തൺ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പെൻഡ്രൈവുകൾ, ഹാർഡ് ഡിസ്കുകൾ, നിർണ്ണായക സി.ഡികൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടൊപ്പം അനാധികൃതമായി സൂക്ഷിച്ചിരുന്ന 67 ലിറ്ററോളം മദ്യശേഖരവും വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 43 ലിറ്ററും നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വിദേശ നിർമ്മിത മദ്യവും ബാക്കി വൈനുമായിരുന്നു. മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ കൽപ്പറ്റ എക്‌സൈസ് ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകളും വിദേശ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസിലും വീട്ടിലും ഒരേസമയം പരിശോധന ശക്തമാക്കിയത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയക്കാനാണ് പോലീസിന്റെ തീരുമാനം. വരുന്ന ദിവസങ്ങളിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ പുറത്തുവരുമെന്നും സാമ്പത്തിക ഇടപാടുകളിൽ വൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.












