റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രൂക്ഷമായ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും പരിശോധനയ്ക്കായി കയറുമെന്നും മാധ്യമപ്രവർത്തകരും ഈ രാജ്യത്തെ സാധാരണ പൗരന്മാർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വമ്പൻമാരുടെ വീട്ടിൽ റെയ്ഡിന് പോകുമ്പോൾ ഫോൺ പിടിച്ചെടുക്കുന്നതും അടുക്കള വരെ പരിശോധിക്കുന്നതും അന്നുമുതലേ നിലവിലുള്ള സിസ്റ്റത്തിന്റെ ഭാഗമാണെന്നും, അത് ആരായായാലും ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം ചോദ്യങ്ങൾക്കിടെ മുഖ്യമന്ത്രി വിഡി സതീശനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി തനിക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ അത് ഏതൊക്കെയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷം എൽ.ഡി.എഫ് സർക്കാരിൽ നിന്ന് ലഭിക്കാത്ത പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും, ഇക്കാര്യം പറയുമ്പോൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനങ്ങൾ കൂട്ടിച്ചേർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








