രാജ്യത്തെ നടുക്കിയ 2006-ലെ നോയിഡ നിഥാരി പരമ്പര കൊലപാതക കേസിലെ പ്രതിയായിരുന്ന സുരേന്ദ്ര കോലിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ഭൂപത്‌വാല പ്രദേശത്ത് അദ്ദേഹം നടത്തിവന്നിരുന്ന ചെറിയ ചായക്കടയ്ക്കുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കുടുംബതർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
നോയിഡയിലെ വ്യവസായി മൊഹീന്ദർ സിംഗ് പാണ്ഡറുടെ വീട്ടുജോലിക്കാരനായിരുന്ന കോലിയുടെ പേര് നിഥാരിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ദാരുണ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് പുറത്തുവന്നത്. കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ഇയാളെ തെളിവുകളുടെ അഭാവത്തിൽ കോടതികൾ കുറ്റവിമുക്തനാക്കിയിരുന്നു. 2023-ൽ അലാഹാബാദ് ഹൈക്കോടതിയും തുടർന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതിയും നൽകിയ ഉത്തരവുകളിലൂടെയാണ് ഇയാൾ ജയിൽ മോചിതനായത്.
ജയിൽ മോചനത്തിന് ശേഷം ഹരിദ്വാറിലെത്തിയ കോലി കുറച്ചുനാൾ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയും പിന്നീട് വാടകയ്ക്ക് കടയെടുത്ത് ചായക്കട നടത്തുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്താമാക്കി. നിഥാരി കേസിൽ നിന്ന് കുറ്റവിമുക്തനായി മാസങ്ങൾക്കുള്ളിലാണ് കോലിയുടെ ഈ ദാരുണാന്ത്യം.








