ന്യൂഡൽഹി: ചെങ്കടൽ (Red Sea) മേഖലയിൽ രൂക്ഷമാകുന്ന സുരക്ഷാ ഭീഷണികളിലും മക്ക ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണ നീക്കങ്ങളിലും കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഇന്ത്യ. സൗദി അറേബ്യയുടെ പരമാധികാര അതിർത്തികൾക്കും സാധാരണക്കാർക്കും സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഹൂതി വിമതർ നടത്തുന്ന കടന്നാക്രമണങ്ങൾ ‘തീർത്തും അംഗീകരിക്കാനാവില്ലെ’ന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതിവാര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബാബ് അൽ-മന്ദബ് (Bab al-Mandeb) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമുദ്ര പാതകളിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും പ്രദേശത്തിന്റെ സമാധാനത്തിനും ഈ ആക്രമണങ്ങൾ കടുത്ത ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, സൗദി അറേബ്യയിൽ തടങ്കലിൽ കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശി ഇന്ദ്രമണി നൗട്ടിയാലിന്റെ മോചനത്തിനായുള്ള നയതന്ത്ര ഇടപെടലുകൾ ശക്തമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2018-ൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ചുമത്തിയ 2.29 കോടി രൂപയുടെ ഭീമമായ പിഴ അടയ്ക്കാത്തതിനെ തുടർന്നാണ് കമ്പനി ഉടമ ഇദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, റിയാദിലെ ഇന്ത്യൻ എംബസി വഴി വിഷയം സജീവമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശ പൗരന്മാരായ ഇന്ത്യൻ നിവാസികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ സംഘർഷം കടുക്കുന്നതിനിടെ, അമേരിക്കൻ പൗരന്മാർക്ക് സൗദി അറേബ്യയിലേക്ക് യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, മക്കയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണം ഹൂതി സൈനിക വക്താവ് യാഹ്യ സാരി നിഷേധിച്ചു. സൗദിയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും സൈനിക താവളങ്ങളുമാണ് തങ്ങളുടെ ലക്ഷധ്യമെന്നും, വിശുദ്ധ നഗരങ്ങളെ ആക്രമിക്കുക എന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും ഹൂതികൾ വാദിക്കുന്നു. എന്നാൽ ഹറം പള്ളിയുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ സൗദി സഖ്യസേന, ചെങ്കടൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.











