2026-ലെ ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷൽ ആർട്സിൽ (എം.എം.എ) ഇന്ത്യയ്ക്കായി ചരിത്രമെഴുതി സൂചിക തരിയാൾ. ഏഷ്യൻ ഗെയിംസ് എം.എം.എ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് 36 കാരിയായ സൂചിക സ്വന്തമാക്കിയത്. ജപ്പാനിലെ ഐചി-നഗോയയിൽ നടന്ന മത്സരങ്ങളുടെ വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗം ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമെഗ് ബൈഗാൽമാെയെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് താരം സെമിഫൈനലിലേക്ക് മുന്നേറിയത്. ഈ വിജയത്തോടെ ഇന്ത്യയ്ക്ക് കുറഞ്ഞത് വെങ്കല മെഡൽ ഉറപ്പാക്കാൻ സൂചികയ്ക്ക് സാധിച്ചു.
ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെയും കടുത്ത വെല്ലുവിളികളെയും അതിജീവിച്ചാണ് സൂചിക ഈ നേട്ടത്തിലെത്തിയത്. 12-ാം വയസ്സിൽ നേരിട്ട ഒരു മോശം അനുഭവത്തെ തുടർന്നാണ് കായികരംഗത്തേക്ക് കടന്നുവന്നത്. ജുഡോയിൽ ഇന്ത്യയ്ക്കായി ഇരുപതിലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ മാറ്റുരച്ചിട്ടുള്ള താരം, എട്ട് തവണ ദേശീയ ജുഡോ ചാമ്പ്യനും 2019 കോമൺവെൽത്ത് ജുഡോ ചാമ്പ്യൻഷിപ്പിലും സൗത്ത് ഏഷ്യൻ ഗെയിംസിലും സ്വർണ്ണ മെഡൽ ജേതാവുമാണ്. 2024-ൽ ജുജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിലും താരം സ്വർണ്ണം നേടിയിട്ടുണ്ട്.
പരിക്കുകളും ഭരണപരമായ പ്രതിസന്ധികളും കാരണം കായികരംഗത്ത് നിന്ന് വിരമിക്കാൻ ആലോചിച്ച ഘട്ടത്തിൽ പൂജ തോമറും ഹിമാൻഷു കൗഷിക്കുമാണ് സൂചികയ്ക്ക് വീണ്ടും പ്രചോദനമായത്. 2026-ലെ ഏഷ്യൻ ഗെയിംസിനായുള്ള ജുജിറ്റ്‌സു സെലക്ഷൻ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് എം.എം.എയിലേക്ക് തിരിഞ്ഞ സൂചിക, സ്വന്തം ചെലവിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് രണ്ട് വെങ്കല മെഡലുകൾ നേടി യോഗ്യത ഉറപ്പാക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ഹെഡ് കോൺസ്റ്റബിളായും പിന്നീട് ഹരിയാന സ്പോർട്സ് ഡിപ്പാർട്ട്മെന്റിൽ ജൂനിയർ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുള്ള സൂചിക, സെമിഫൈനലിൽ വിജയം കണ്ട് തന്റെ മെഡലിന്റെ തിളക്കം വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.








