വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ പോലീസുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ നിരോധിത നക്സൽ സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റി (TPC) കമാൻഡർ ബ്രജേഷ് ഗഞ്ചു (ഗോപാൽ സിങ് ഭോക്താ) കൊല്ലപ്പെട്ടു. 50 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടിയിലാക്കാൻ ജാർഖണ്ഡ് സർക്കാരും ദേശീയ അന്വേഷണ ഏജൻസിയും (NIA) ചേർന്ന് ആകെ 30 ലക്ഷം രൂപ ഇനാമം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ രാംനഗർ ഏരിയയിലായിരുന്നു സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാംനഗറിൽ വാഹ പരിശോധന നടത്തുകയായിരുന്ന യു.പി എ.ടി.എസും (ATS) പോലീസും ബൈക്കിൽ വരികയായിരുന്ന ബ്രജേഷ് ഗഞ്ചുവിനെയും കൂട്ടാളിയെയും തടയാൻ ശ്രമിച്ചു. തുടർന്ന് വണ്ടി നിർത്തി ഇറങ്ങിയ ഇയാൾ പോലീസിന് നേരെ തുടരെ തദ്ദേശീയ നിർമ്മിത തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ യു.പി എ.ടി.എസ് ഡെപ്യൂട്ടി സൂപ്രണ്ട് വിപിൻ റായ്, ഹെഡ് കോൺസ്റ്റബിൾ നിതേന്ദ്ര കൃഷ്ണ എന്നിവരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വെടിയുണ്ടകൾ പതിച്ചെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
പോലീസിന്റെ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബ്രജേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളിൽ നിന്ന് കാർബൈൻ ഉൾപ്പെടെയുള്ള വിദേശ നിർമ്മിത മാരകായുധങ്ങളും തോക്കുകളും പോലീസ് പിടിച്ചെടുത്തു. ബ്രജേഷ് ഗഞ്ചുവിന്റെ മരണത്തോടെ തൃതീയ പ്രസ്തുതി കമ്മിറ്റിയുടെ നക്സൽ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നതെന്ന് യു.പി എ.ഡി.ജി (ലോ ആൻഡ് ഓർഡർ) അമിതാഭ് യാഷ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാളുടെ കൂട്ടാളിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.










