കണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ബംഗാളിൽ നടപ്പിലാക്കിയ അതേ തന്ത്രം പരീക്ഷിച്ച് കേരളത്തെയും കീഴടക്കാമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡി നീക്കങ്ങളിൽ വി.ഡി. സതീശൻ സന്തോഷം കണ്ടെത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
കേരളത്തിൽ പിടിമുറുക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പി. ജയരാജൻ, സി.പി.ഐ.എമ്മിന്റെ ശക്തമായ ചെറുത്തുനിൽപ്പാണ് അവരുടെ അജണ്ടകളെ ഇതുവരെ തടഞ്ഞുനിർത്തിയതെന്നും കൂട്ടിച്ചേർത്തു. യു.ഡി.എഫ് ഭരണത്തെ തങ്ങളുടെ വർഗീയ അജണ്ടകൾ ഉണക്കിയെടുക്കാനുള്ള അവസരമായാണ് ആർ.എസ്.എസ് കാണുന്നത്. മുസ്ലിം ലീഗ് നിലവിൽ ബി.ജെ.പിയുടെ അതേ സ്വരത്തിൽ സംസാരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ആർ.എസ്.എസ് അജണ്ടകളോട് ലീഗിന് യാതൊരു എതിർപ്പുമില്ലെന്ന് മാത്രമല്ല, സംഘപരിവാറിന് സംസ്ഥാനത്ത് വളരാൻ ലീഗ് പരവതാനി വിരിച്ചു നൽകുകയാണെന്നും അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തി.
മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കെതിരെയും ജയരാജൻ രൂക്ഷവിമർശനം ഉന്നയിച്ചു. കോഴിക്കോട്ടെ പൊതുസമ്മേളനത്തിൽ തനിക്ക് മാത്രമല്ല, സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റെല്ലാ നേതാക്കൾക്കും പ്രവർത്തകരുടെ കയ്യടി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ലാളനയിൽ ആഹ്ലാദിക്കുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശിക്കുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതുപോലെ അനുകരിക്കാനും പഠിക്കാനുമാണ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും പി. ജയരാജൻ ആരോപിച്ചു.












