ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ (NCW) അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ്.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയത്. നിവേദിത സുബ്രഹ്മണ്യത്തിന് പുറമെ ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയേയും ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയോഗിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ വനിതകളുടെ അവകാശ സംരക്ഷണത്തിനും നിയമസഹായ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഭരണഘടനാ സ്ഥാപനത്തിലേക്കാണ് നിവേദിത എത്തുനന്ത്.
ദീർഘകാലമായി ബിജെപിയുടെ സംഘടനാ രംഗത്ത് സജീവമായ നിവേദിത, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റായും പാർട്ടി വക്താവായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ജനകീയ വിഷയങ്ങളിലും സ്ത്രീസുരക്ഷാ കാര്യങ്ങളിലും ശക്തമായ നിലപാടുകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന നേതാവാണ് അവർ. നിയമ ബിരുദധാരിയായ നിവേദിത അഭിഭാഷക രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
ദേശീയ വനിതാ കമ്മിഷനിലേക്ക് കേരളത്തിൽ നിന്നൊരു പ്രതിനിധി എത്തുന്നത് സംസ്ഥാനത്തെ സ്ത്രീസമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മുൻപ് കെ.ആർ. ഗൗരിയമ്മ, സുഭാഷിണി അലി, ലിസി ജേക്കബ്, ശാമള ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച ഉന്നത പദവിയിലേക്കാണ് ഇപ്പോൾ നിവേദിത സുബ്രഹ്മണ്യം നിയമിതയായിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വവും വിവിധ പോഷക സംഘടനകളും പുതിയ നിയമനത്തിൽ സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചു.









