ന്യൂയോർക്ക്: ഐക്യരാഷ്ട്രസംഘടനയുടെ (UN) പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം വൻ അന്താരാഷ്ട്ര നയതന്ത്ര യുദ്ധത്തിലേക്ക്. ശത്രുരാജ്യങ്ങളെ മാത്രമല്ല, യുകെ, ഫ്രാൻസ്, തുർക്കി തുടങ്ങിയ പരമ്പരാഗത സഖ്യകക്ഷികളെപ്പോലും കടുത്ത ഭാഷയിൽ വിമർശിച്ച നെതന്യാഹുവിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഭൂരിഭാഗം രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
ഒക്ടോബർ 27-ന് ഇസ്രയേലിൽ നിർണായകമായ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, രാഷ്‌ട്രീയമായി കടുത്ത വെല്ലുവിളി നേരിടുന്ന നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ വേദിയിൽ അതിരൂക്ഷമായ പ്രസംഗം നടത്തിയത്. ഇറാന്റെ ഏകാധിപത്യ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിക്കെതിരെയും ആഞ്ഞടിച്ചു. സഖ്യകക്ഷികളായ യുകെയും ഫ്രാൻസും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യഹൂദവിരുദ്ധ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണെന്ന് കുറ്റപ്പെടുത്തിയ നെതന്യാഹു, തുർക്കിയെ വ്യാജപ്രചാരണങ്ങളുടെ കേന്ദ്രമെന്നും വിശേഷിപ്പിച്ചു.
നെതന്യാഹു പ്രസംഗപീഠത്തിലേക്ക് എത്തിയ നിമിഷം തന്നെ ഹാളിൽ വലിയ രീതിയിലുള്ള കൂവലും ബഹളവുമുണ്ടായി. ഇസ്രയേൽ പ്രതിനിധികൾ എഴുന്നേറ്റുനിന്ന് കയ്യടിച്ചുവെങ്കിലും, ഡസൻ കണക്കിന് രാജ്യങ്ങളിലെ പ്രതിനിധികൾ പ്രതിഷേധ സൂചകമായി ഹാൾ വിട്ടിറങ്ങി. ഇതിൽ രോഷാകുലനായ നെതന്യാഹു, “ഈ ഹാളിൽ ഇനിയും ഏതെങ്കിലും ധാർമ്മിക ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ, അവരും ഇപ്പോൾത്തന്നെ പുറത്തുപോകണം” എന്ന് പരസ്യമായി ആക്രോശിച്ചു.
അതേസമയം, യുഎൻ ആസ്ഥാനത്തിന് പുറത്ത് ഇസ്രയേലിനും നെതന്യാഹുവിനുമെതിരെ അതിശക്തമായ ജനകീയ പ്രതിഷേധമാണ് അരങ്ങേറിയത്. ഹോളിവുഡ് താരം സൂസൻ സരണ്ടൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഗാസയിലെ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ന്യൂയോർക്ക് പോലീസ് ഇടപെടുകയും പ്രമുഖരടക്കം നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.












