ഐക്യരാഷ്ട്രസഭയിലെ പരിഷ്‌കരണ നടപടികളെ എതിർക്കുന്ന രാജ്യങ്ങൾ സംഘടനയെ യഥാർഥത്തിൽ പിന്തുണയ്ക്കുന്നില്ലെന്നും സ്വന്തം താൽപര്യങ്ങൾക്കായി യുഎന്നിനെ ഉപയോഗപ്പെടുത്തുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎൻ പരിഷ്‌കരണത്തിൽ പുരോഗതിയില്ലാത്തതിൽ വിവിധ രാജ്യങ്ങൾക്കിടയിൽ നിരാശ ശക്തമാകുകയാണെന്നും നിലവിലെ ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സംഘടനയിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
81-ാമത് യുഎൻ പൊതുസഭയുടെ ഭാഗമായി ന്യൂയോർക്കിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. പരിഷ്‌കരണ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ ആദ്യം എഴുത്തുരൂപത്തിലുള്ള നിർദേശവും അതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. “ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ചർച്ചയില്ലാതെ ചർച്ച നടത്താനാകില്ല. അത് ചർച്ചയല്ല, സമയം നീട്ടിക്കൊണ്ടുപോകലാണ്,” അദ്ദേഹം പറഞ്ഞു.
യുഎൻ നിലവിലെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിൽ പിന്നിലാണെന്ന ധാരണ ശക്തമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎൻ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത് സംഘടനാ വിരുദ്ധ നിലപാടല്ലെന്നും മറിച്ച് യുഎന്നിനെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ് പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. പരിഷ്‌കരണത്തെ എതിർക്കുന്നവർ യുഎന്നിനെ ഉപയോഗപ്പെടുത്തുകയാണെന്നും സംഘടനയോട് യഥാർഥ താൽപര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.
യുഎൻ പരിഷ്‌കരണം എല്ലാ രാജ്യങ്ങളുടെയും ഏകകണ്ഠമായ സമ്മതത്തിലൂടെ മാത്രം സാധ്യമാകില്ലെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. രാജ്യങ്ങൾക്ക് തങ്ങളുടെ നിലപാടുകൾ മുന്നോട്ടുവയ്ക്കാനും അവ ചർച്ച ചെയ്യാനും അവസരം നൽകണം. തുടർന്ന് ജനാധിപത്യപരമായ രീതിയിൽ വോട്ടെടുപ്പിലൂടെ തീരുമാനത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിൽ പുതിയ സന്നദ്ധത പ്രകടമാകുന്നതായും പരമ്പരാഗത ആശ്രിതത്വങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതായും ജയശങ്കർ പറഞ്ഞു. ഇത് കൂടുതൽ ജനാധിപത്യപരമായ ലോകക്രമത്തിലേക്കുള്ള നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1945ൽ രൂപംകൊണ്ട നിലവിലെ യുഎൻ സുരക്ഷാ കൗൺസിൽ ഘടന ഇന്നത്തെ ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. സ്ഥിരാംഗങ്ങളുടെയും താൽക്കാലിക അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള സുരക്ഷാ കൗൺസിൽ പരിഷ്‌കരണത്തിനായി ഇന്ത്യ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.








