കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റങ്ങൾക്കും സർക്കാർ നിലപാടുകൾക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. റിപ്പോർട്ടർ ചാനലിന്റെ വാർത്ത മെറ്റ നീക്കം ചെയ്ത വിവാദത്തിൽ പ്രതികരിക്കവെയാണ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേരോ ഫോട്ടോയോ ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹത്തിന്റെ നിഴൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നുമുള്ള കാടത്തപരമായ അവസ്ഥയിലേക്കാണ് കേരളം എത്തിച്ചേരുന്നതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്ന മാധ്യമങ്ങൾക്കുമേലുള്ള ഫാസിസ്റ്റ് കടന്നാക്രമണ ശൈലിയാണ് കേരളത്തിൽ വി.ഡി. സതീശൻ നടപ്പിലാക്കാൻ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളെ നിയന്ത്രിക്കാനും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുമുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതിനിടയിൽ, മന്ത്രിമാരുടെ വിവാദ വിദേശയാത്രകളെക്കുറിച്ചും എം.വി. ഗോവിന്ദൻ തുറന്നടിച്ചു. സ്പോൺസർമാരുടെ സഹായത്തോടെ വിദേശയാത്രകൾ നടത്താമെന്ന് മുഖ്യമന്ത്രി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ വരും ദിവസങ്ങളിൽ വിദേശയാത്ര നടത്തുന്ന മറ്റ് നാല് മന്ത്രിമാരും ഇതേ മാതൃകയാണ് പിന്തുടരുന്നതെങ്കിൽ അത് കേരളത്തെ വളരെ അപകടകരമായ ഒരു അവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഴിമതിക്ക് കൂട്ടുപിടിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങളെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് സണ്ണി ജോസഫും ഒരുപോലെയാണ് ന്യായീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










