പാർട്ടി നേതൃത്വത്തിനും ശൈലികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഇ.പി. ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് പാർട്ടിക്കുള്ളിലെ വീഴ്ചകളെ തുറന്നുകാട്ടിക്കൊണ്ട് അദ്ദേഹം ശക്തമായ പ്രതികരണം നടത്തിയത്. പാർട്ടിയുടെ മുഖമായ നേതാക്കളുടെ മുഖം വികൃതമാകരുതെന്നും ചില വ്യക്തികൾ കാണിക്കുന്ന തെറ്റായ പ്രവണതകൾ പ്രസ്ഥാനത്തെയാകെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ‘ഇതാണോ സിപിഐഎം’ എന്ന് സാധാരണക്കാർ ചോദിക്കാൻ ഇടവരുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കമ്മ്യൂണിസ്റ്റ് പാർട്ടി സാധാരണ ജനങ്ങളുടെ പ്രസ്ഥാനമായി മാറണമെന്നും എന്നാൽ ഇന്ന് പാർട്ടി ജനങ്ങളിൽ നിന്ന് വളരെ അകന്നുപോയിട്ടുണ്ടെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി. വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടനയാണ് സിപിഐഎം എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നു വരുന്നുണ്ടെന്നും, ഇത്തരം തെറ്റായ നിലപാടുകൾ തിരുത്തി മുന്നോട്ടുപോയാൽ മാത്രമേ പാർട്ടിക്ക് അതിജീവനം സാധ്യമാകൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയെ സ്നേഹിക്കുന്ന യഥാർത്ഥ ജനങ്ങൾ സ്വയം മുന്നോട്ടുവന്ന് സഹായിക്കുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഉണ്ടാകേണ്ടത്.
നേതാക്കളാണ് സമൂഹത്തിന് മുന്നിൽ പാർട്ടിയുടെ മുഖമെന്നും ആ മുഖം വളരെ വ്യക്തതയുള്ളതും യാതൊരു കളങ്കവുമില്ലാത്തതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള പാളിച്ചകളും പ്രവർത്തനങ്ങളിൽ ഉണ്ടാകാൻ പാടില്ല. ജനങ്ങളുടെ ദാസന്മാരായി, അവരുടെ പ്രിയപ്പെട്ട സഖാക്കളായി ഓരോരുത്തരും മാറണം. പാർട്ടി സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും കൊടുകാര്യസ്ഥതയും പാർട്ടിക്കെതിരെയുള്ള രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങൾക്ക് ആയുധമാകുന്നുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.










