തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ സ്വകാര്യ വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ് നൂറു ദിവസം പൂർത്തിയാകുമ്പോൾ വൻ അഴിമതികളാണ് ഓരോന്നായി പുറത്തുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എന്തുമാകാം എന്ന തരത്തിലുള്ള ധാർഷ്ട്യമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും ഇത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്നും ടി.പി. രാമകൃഷ്ണൻ തുറന്നടിച്ചു.
വ്യവസായി കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് അദ്ദേഹം കൃത്യമായ വിശദീകരണം നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡയറിയിൽ പേരുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണല്ലോ മുൻപ് പല കേസുകളും എടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനിടയിൽ, വ്യാജരേഖ കേസിലെ പ്രതിയായ ടോം മണപ്പുറത്തിനെ കേരള അക്കാദമി ഫോർ സ്കിൽ എക്‌സലൻസിൽ (KASE) നിയമിച്ചത് അതീവ ദുരൂഹമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.
ചാർട്ടേഡ് വിമാനയാത്രയുടെ പേരിൽ പ്രതിരോധത്തിലായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിന്മേൽ വ്യക്തമായ മറുപടി നൽകാൻ കഴിയാതെ വിഷമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്ക് ചിപ്സൺ ഏവിയേഷനാണ് പണം നൽകിയതെന്നതിന്റെ കൃത്യമായ രേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ചിപ്സൺ ഏവിയേഷന്റെ ഔദ്യോഗിക ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കുന്ന സമയത്തുതന്നെ സ്പോൺസർഷിപ്പ് യാത്ര നടത്തിയത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോൾ ശക്തമാകുന്നത്.











