ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ 90 ശതമാനത്തിലധികം പൂർത്തിയായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ. കരാറിലെ ഏതാനും അന്തിമ വിഷയങ്ങൾ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും ഉടൻ തന്നെ സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യ-യുഎസ് ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് എപ്പോൾ പ്രഖ്യാപനമുണ്ടാകുമെന്ന ചോദ്യത്തിന് മറുപടിയായാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാര മേഖലയിലെ അഭിപ്രായവ്യത്യാസങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിലെ ദീർഘകാലമായി നിലനിൽക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്നും അത് പരിഹരിക്കാനായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥൻ പങ്കുവച്ചു. ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബറിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. ഈ സന്ദർശനവുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും യുഎസ് ഉദ്യോഗസ്ഥൻ സൂചന നൽകി.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയിലും സഹകരണം ശക്തമാകുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ അടുത്ത യോഗം ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. ഈ വർഷം തന്നെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിതെന്നും ഇത്തരത്തിൽ ഇത്രയധികം തവണ മന്ത്രിതല കൂടിക്കാഴ്ചകൾ നടന്നത് അസാധാരണമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയായ ഐഎംഇസിക്കും അമേരിക്കയും ഇന്ത്യയും വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളാണ് പദ്ധതിയുടെ പുരോഗതിയെ നിലവിൽ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ-ഗാസ സംഘർഷവും ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പദ്ധതിയുടെ മുന്നേറ്റത്തിന് തടസ്സമായതായി ഉദ്യോഗസ്ഥൻ പറഞ്ഞു.








