തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പ്രമുഖ ഗ്രാനൈറ്റ് വ്യവസായിയും ജെം ഗ്രാനൈറ്റ്‌സ് ചെയർമാനുമായ ആർ. വീരമണി ഉൾപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ ഡിഎംകെ അണ്ണാ ഡിഎംകെയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വിജയ് ആരോപിച്ചു.
ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇരുപാർട്ടികളും മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും, തങ്ങൾ തമ്മിലുള്ള ‘ഡീൽ’ എന്താണെന്ന് എം.കെ. സ്റ്റാലിൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ അമ്മമാരെയും സഹോദരിമാരെയും അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഡിഎംകെയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംസ്കാരം വെച്ചുപൊറുപ്പിക്കില്ലെന്നും വിജയ് കൂട്ടിച്ചേർത്തു.
2025 ഒക്ടോബറിൽ മുൻ ഡിഎംകെ ഭരണകാലത്ത് ഒരു സാമൂഹ്യപ്രവർത്തകൻ തെളിവുകൾ പുറത്തുവിട്ടതോടെയാണ് പെൺകുട്ടികൾക്ക് നേരെ നടന്ന അതിക്രമം പുറംലോകമറിയുന്നത്. തുടർന്ന് ആർ. വീരമണി, സഹായി ശാന്തി, ഇവരുടെ ഭർത്താവ് മഹേന്ദ്ര സിംഹൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും ശക്തമായ തെളിവുകളില്ലെന്ന് കാട്ടി പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാൽ പോലീസിന്റെ റിപ്പോർട്ട് തള്ളിയ പ്രത്യേക പോക്‌സോ കോടതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെത്തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ അതിജീവിതകളുടെ മൊഴി രേഖപ്പെടുത്തുകയും വീരമണി ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ മുൻ സർക്കാരുകളും ഡിഎംകെയും മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് വിജയ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.








