ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. പാകിസ്ഥാൻ്റെ വിഹിതം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കാണുമെന്നും ജലം ആയുധമാക്കരുതെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ പ്രസംഗിക്കവേ മുന്നറിയിപ്പ് നൽകിയിരുന്നു. 1960-ൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നിർത്തിവെച്ച നടപടിക്ക് നിയമപരമായ അടിത്തറയില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രസ്താവനകൾക്ക് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്‌ലോട്ട് കടുത്ത ഭാഷയിൽ തിരിച്ചടി നൽകി. അതിർത്തി കടന്നുള്ള ഭീകരവാദവും കള്ളത്തരങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, സ്വയം പ്രതിരോധിക്കാനുള്ള അവകാശം തുടർന്നും ഉപയോഗിക്കുമെന്ന് ഓർമ്മിപ്പിച്ചു.
9/11 ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഒസാമ ബിൻ ലാദൻ പാകിസ്ഥാൻ സൈനിക അക്കാദമിയുടെ അടുത്താണ് കഴിഞ്ഞിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ പെറ്റൽ ഗെഹ്‌ലോട്ട്, പാകിസ്ഥാൻ്റെ ജനാധിപത്യ വാദങ്ങൾ വ്യാജമാണെന്നും യഥാർത്ഥ ഭരണം സൈന്യത്തിൻ്റെ കയ്യിലാണെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങൾക്ക് നേരെ സ്വന്തം തലസ്ഥാനം പോലും അടച്ചുപൂട്ടുന്ന ഭരണകൂടമാണ് പാകിസ്ഥാനിലേതെന്നും ഇന്ത്യ തുറന്നടിച്ചു.








