ഇന്ത്യൻ വ്യോമസേനയുടെ വിപുലമായ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിക്കായുള്ള മത്സരത്തിൽ തങ്ങളുടെ സി-130ജെ-30 സൂപ്പർ ഹെർക്കുലീസ് വിമാനത്തിന്റെ പ്രവർത്തനം, കാര്യക്ഷമത, ഉപയോഗക്ഷമത എന്നിവ ഉയർത്തിക്കാട്ടി അമേരിക്കൻ പ്രരോധ ഭീമന്മാരായ ലോക്ക്ഹീഡ് മാർട്ടിൻ. വെറുമൊരു പരമാവധി ഭാരവാഹന ശേഷിയേക്കാൾ പ്രധാനം ഓരോ ദൗത്യത്തിലും എത്തിക്കാൻ സാധിക്കുന്ന ചരക്കിന്റെയും സൈനികരുടെയും അളവും ഏതൊക്കെ തരത്തിലുള്ള വിമാനത്താവളങ്ങളിൽ നിന്ന് പറന്നുയരാൻ സാധിക്കുമെന്നതുമാണെന്ന് ലോക്ക്ഹീഡ് മാർട്ടിൻ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത് മുൻപത്തെ ചെറിയ മോഡലുകളല്ലെന്നും, കൂടുതൽ വലിപ്പവും ശേഷിയുമുള്ള സി-130ജെ-30 സ്ട്രെച്ച്ഡ് പതിപ്പാണെന്നും കമ്പനിയുടെ എയർ മൊബിലിറ്റി ആൻഡ് മാരിറ്റൈം മിഷൻസ് വൈസ് പ്രസിഡന്റ് റോബർട്ട് ടോത്ത് വെളിപ്പെടുത്തി. സാധാരണ കരുതുന്ന 18-19 ടൺ ശേഷിക്ക് പകരം 22 ടൺ വരെ ഭാരം വഹിക്കാൻ ഈ പതിപ്പിന് സാധിക്കും. മുൻ മോഡലുകളേക്കാൾ ഫ്യൂസ്ലേജ് 14 അടിയോളം ദീർഘിപ്പിച്ചതിനാൽ വിമാനത്തിനുള്ളിൽ കൂടുതൽ ചരക്കുകളും സൈനികരെയും ഉൾക്കൊള്ളിക്കാൻ സാധിക്കും.
കൂടാതെ ചെറുതും വെല്ലുവിളികൾ നിറഞ്ഞതുമായ റൺവേകളിലും ഉയർന്ന പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിലും സുഗമമായി പ്രവർത്തിക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രധാന സവിശേഷത. സി-390 വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനം കൂടുതൽ യാത്രക്കാരെയും 45 ശതമാനം കൂടുതൽ സൈനികരെയും വഹിക്കാൻ ഇതിന് കഴിവുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.








