ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എ.ഇയിൽ രഹസ്യ സന്ദർശനം നടത്തുകയും യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വകാര്യ വിമാനത്തിൽ അബുദാബിയിലെത്തിയ നെതന്യാഹു നാല് മണിക്കൂറോളം അവിടെ ചെലവഴിച്ചതായാണ് വിവരങ്ങൾ. എന്നാൽ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസോ യു.എ.ഇ വിദേശകാര്യ മന്ത്രാലയമോ തയ്യാറായിട്ടില്ല. ഇതിനുമുമ്പും ഇരുവരും തമ്മിൽ രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി വിവരങ്ങളുണ്ട്. കഴിഞ്ഞ മാർച്ച് 26-ന് ഒമാൻ അതിർത്തിയിലുള്ള അൽ-ഐൻ നഗരത്തിൽ നെതന്യാഹുവും യു.എ.ഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ, തന്റെ രാഷ്ട്രീയ എതിരാളിയായ നഫ്താലി ബെന്നറ്റ് യു.എ.ഇ സന്ദർശിക്കുന്നതിന് തൊട്ടുമുമ്പ് നെതന്യാഹു ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അന്ന് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് തൊട്ടുമുമ്പ് യു.എ.ഇ പ്രസിഡന്റ് നെതന്യാഹുവിന് നൽകിയ മുന്നറിയിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇസ്രയേലിൽ പുകയുന്നതിനിടയിലാണ് ഈ നിർണായക സന്ദർശനം നടന്നത്. ഹമാസ് വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് ആക്രമണത്തിന് ഒന്നര ആഴ്ച മുമ്പ് യു.എ.ഇ നേതാവ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ ഈ വിവരം ഇസ്രയേലി ഇന്റലിജൻസ് ഏജൻസികൾക്കോ സൈന്യത്തിനോ കൈമാറിയിരുന്നില്ലെന്നും ഇസ്രയേലി പത്രമായ ‘ഹാറെറ്റ്സ്’ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ നെതന്യാഹു, പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരവും പ്രതിപക്ഷ ആരോപണങ്ങളും നേരിടുന്ന നെതന്യാഹുവിന് ഒക്ടോബർ 7-ലെ സുരക്ഷാ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് രാഷ്ട്രീയ എതിരാളികൾ കുറ്റപ്പെടുത്തുന്നു. 2020-ലെ അബ്രഹാം ഉടമ്പടി വഴി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ഇസ്രയേലും യു.എ.ഇയും തുറന്ന ആശയവിനിമയം നിലനിർത്തുന്നുണ്ട്. ഇറാന്റെ ആക്രമണത്തിന് ശേഷമുള്ള സാഹചര്യത്തിൽ യു.എസ്, ഇസ്രയേൽ എന്നിവരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യു.എ.ഇ ശ്രമിച്ചിട്ടുണ്ട്. ഇസ്രയേലുമായുള്ള ബന്ധം പ്രാദേശിക തലത്തിൽ സ്വാധീനം ഉറപ്പിക്കാനും അമേരിക്കയുമായി ആശയവിനിമയം നടത്താനും അബുദാബിക്ക് വലിയ സഹായമാകുന്നുണ്ട്.








