പൊതുപരിപാടികളിലും യാത്രാവേളകളിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശം. ജനക്കൂട്ടം നിയന്ത്രണമില്ലാതെ മുഖ്യമന്ത്രിയോട് അടുത്തെത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിലും സഞ്ചരിക്കുന്ന വഴികളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇതിന് പുറമെ മഫ്തിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും നിയോഗിച്ച് സംശയകരമായ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിനുള്ള നടപടികളും സ്വീകരിക്കും. പൊതുചടങ്ങുകളിൽ നിയന്ത്രണമില്ലാത്ത ആൾക്കൂട്ട സാന്നിധ്യം ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിപാടികളിലും യാത്രയ്ക്കിടയിലും ജനക്കൂട്ടവും മാധ്യമപ്രവർത്തകരും സുരക്ഷാ വലയത്തിനുള്ളിലേക്ക് അനാവശ്യമായി കടന്നുവരുന്നതും മുഖ്യമന്ത്രിയെ ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ അടുത്തെത്തുന്നതും സുരക്ഷാ പ്രോട്ടോക്കോൾ ലംഘനമായാണ് വിലയിരുത്തുന്നത്.
ചെറിയ സുരക്ഷാ വീഴ്ചകൾ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി മുൻകരുതൽ നടപടികൾ കർശനമാക്കാനും നിർദേശമുണ്ട്.








