ഇന്ത്യയിൽ ഊർജ്ജ ലഭ്യത വിപുലീകരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവരിച്ച നേട്ടങ്ങളെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മനുഷ്യചരിത്രത്തിലെ ഒരു പതിറ്റാണ്ടിലോ രാജ്യത്തോ മേഖലയിലോ ഉണ്ടായിട്ടില്ലാത്ത വിധം കൂറ്റൻ മുന്നേറ്റമാണ് മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ഊർജ്ജ മേഖലയിൽ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് അനുബന്ധമായി ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റഡ്ഡുമായി സംസാരിക്കവേയായിരുന്നു ആൽബനീസിന്റെ പ്രശംസ.
ഇന്ത്യയിലെ വീടുകളിൽ വൈദ്യുതി, പാചക വാതകം, പുനരുപയോഗ ഊർജ്ജം എന്നിവ ലഭ്യമാക്കുന്നതിൽ കൈവരിച്ച വൻ കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ആൽബനീസ് ഈ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ 10.57 കോടിയിലധികം എൽപിജി കണക്ഷനുകൾ നൽകിയതും സൗഭാഗ്യ പദ്ധതി വഴി കോടിക്കണക്കിന് വീടുകളിൽ വൈദ്യുതി എത്തിച്ചതും ഇതിന് ഉദാഹരണമാണ്. കൂടാതെ, പ്രധാനമന്ത്രി സൂര്യഘർ സൗജന്യ വീട്ടു വൈദ്യുതി പദ്ധതിയും പിഎം-കുസും പദ്ധതിയും വഴി സൗരോർജ്ജ രംഗത്തും ഇന്ത്യ വലിയ മുന്നേറ്റം നടത്തിവരികയാണ്.ആഗോളതലത്തിൽ ഊർജ്ജ വിതരണത്തിലുണ്ടായ പ്രതിസന്ധികൾക്കിടയിലും 140 കോടിയിലധികം വരുന്ന ജനങ്ങൾക്ക് കൃത്യമായി ഊർജ്ജമെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നയതന്ത്ര തലത്തിൽ ഇന്ധന ഇറക്കുമതിക്കായി ആശ്രയിക്കുന്ന രാജ്യങ്ങളുടെ എണ്ണം 27-ൽ നിന്ന് 41 ആയി ഉയർത്തി ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണത്തിൽ തടസ്സം നേരിട്ടപ്പോൾ ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് എൽഎൻജി എത്തിച്ചത് ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായകമായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ടിലും ഊർജ്ജ മേഖലയിലും ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ആൽബനീസ് അഭിപ്രായപ്പെട്ടു.
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ കുതിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ താനും നരേന്ദ്ര മോദിയും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി. മെൽബണിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പതിനായിരക്കണക്കിന് ഓസ്‌ട്രേലിയക്കാർ മോദിയെ വരവേറ്റത് അനുസ്മരിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരാധിഷ്ഠിത സഹകരണം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്നും കൂട്ടിച്ചേർത്തു.








