2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമായി മാറി തെലങ്കാനയിൽ നിന്നുള്ള 21 കാരിയായ വില്ലാളി ചികിത തനിപർത്തി. കൊമ്പൗണ്ട് ആർച്ചറിയിൽ ടീം ഇനത്തിലും സാത്താറ സ്വദേശിയായ സാഹിൽ ജാധവിനൊപ്പം മിക്സഡ് ടീം ഇനത്തിലും സ്വർണം സ്വന്തമാക്കിയ ചികിത, ഇതോടെ 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഉറപ്പിച്ചു.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും ബാഡ്മിന്റൺ പരിചയവുമുള്ള ചികിത, നാട്ടിൽ പരിശീലന സൗകര്യങ്ങളില്ലാത്തതിനെ തുടർന്നാണ് വില്ലുവിദ്യയിലേക്ക് തിരിയുന്നത്. മകളുടെ പരിശീലനത്തിനും യാത്രാച്ചെലവുകൾക്കുമായി 23 ലക്ഷം രൂപ വിലമതിക്കുന്ന കൊയ്ത്തുയന്ത്രം 18 ലക്ഷം രൂപയ്ക്ക് വിൽക്കുകയും വലിയ തുക കടം വാങ്ങുകയും ചെയ്ത ചെറു കിട കർഷകനായ പിതാവ് ശ്രീനിവാസ റാവുവിന്റെ ആഗ്രഹങ്ങൾക്കാണ് ഈ വിജയത്തോടെ ചിറക് മുളച്ചത്.
സാമ്പത്തിക പ്രതിസന്ധികളും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യങ്ങളുടെ കുറവും കടുത്ത വെല്ലുവിളിയായെങ്കിലും, കഠിനാധ്വാനത്തിലൂടെ ഏഷ്യൻ ഗെയിംസിലെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നിലേക്ക് ചികിത ഇന്ത്യയെ നയിക്കുകയായിരുന്നു








