എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് പുതിയ വോട്ടർമാർ സമർപ്പിക്കുന്ന ഫോം 6-ൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഓൺലൈൻ വഴി സമർപ്പിക്കുന്ന ഫോം 6-ൽ മാറ്റങ്ങൾ വരുത്താൻ ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടി.സി.എസ്) നിർദ്ദേശം നൽകിയത് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്മീഷനിലെ അംഗങ്ങൾ തന്നെ ഈ മാറ്റം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്.
ഇലക്ഷൻ കമ്മീഷന്റെ സാങ്കേതിക സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന ടി.സി.എസ് കമ്പനിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കമ്മീഷനിൽ നിന്ന് ആരാണ് നിർദ്ദേശം നൽകിയതെന്നും കമ്പനിയിൽ ആരാണ് ഇതിന് അനുമതി ഒപ്പിട്ടുനൽകിയതെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യ സംവിധാനം ഏതൊരു വ്യക്തിയേക്കാളും വലുതാണെന്ന് ഓർമ്മിപ്പിച്ച രാഹുൽ, പ്രക്രിയകളിലെ ക്രമക്കേടുകൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
അതേസമയം, വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമായ നിയമനിർമ്മാണ ചട്ടങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. പ്രത്യേക വിവരശേഖരണം പൂർത്തിയായ സംസ്ഥാനങ്ങളിൽ നിന്ന് ഫോം 6-ലെ അധിക സത്യവാങ്മൂലം ഒഴിവാക്കിയിട്ടുണ്ടെന്നും നിലവിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കമ്മീഷൻ വക്താക്കൾ കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതോടെ രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.








