മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വിഭാഗത്തിന് സുപ്രീം കോടതിയിൽ നിന്ന് കടുത്ത തിരിച്ചടി. മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹർജി നിരസിച്ചത്.
പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഇടക്കാല ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. അക്കൗണ്ടിലെ പണത്തിൽ ആർക്കാണ് അവകാശമെന്ന വിഷയം നിലവിൽ മറ്റ് നിയമനടപടികളുടെ ഭാഗമായി പരിഗണനയിലാണ്. അതിനാൽ ഈ ഘട്ടത്തിൽ അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
നേരത്തെ കൽക്കട്ട ഹൈക്കോടതിയും ഈ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാൻ വിസമ്മതിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് മമത ബാനർജി വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ സുപ്രീം കോടതി, വിഷയത്തിൽ ഹൈക്കോടതിയോട് വിചാരണ നടപടികൾ വേഗത്തിലാക്കാൻ അഭ്യർത്ഥിച്ചു.








