23 മാസം പ്രായമുള്ള വേദാൻഷ് സിങ്ങിന്റെ ചികിത്സയ്ക്കായി നടന്നുവരുന്ന ധനസമാഹരണത്തിന് വലിയ പ്രതീക്ഷ. സ്പൈനൽ മസ്കുലർ അട്രോഫി (SMA) ടൈപ്പ് 1 ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് ഏകദേശം 9 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മയുരേഷ് ഗുജറും സംഘവും നടത്തിയ ധനസമാഹരണത്തിലൂടെ ഇതുവരെ ഏകദേശം 2.22 കോടി രൂപ സമാഹരിച്ചിരുന്നു.
ഇതിനിടെയാണ് വ്യവസായി അനന്ത് അംബാനി വേദാൻഷിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചതായി മയുരേഷ് ഗുജർ അവകാശപ്പെട്ടത്. സെപ്റ്റംബർ 21ന് മുംബൈയിലെ ലാൽബാഗ്ച രാജ ദർശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഗുജർ പങ്കുവെച്ചത്. സംഘത്തിന്റെ ബാനറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അംബാനി വാഹനം നിർത്തുകയും സംഘാംഗങ്ങളുമായി ഏകദേശം അഞ്ച് മിനിറ്റോളം സംസാരിക്കുകയും ചെയ്തെന്നാണ് ഗുജർ പറയുന്നത്.
വേദാൻഷിന്റെ ആരോഗ്യസ്ഥിതിയും ചികിത്സയ്ക്കായി നടത്തുന്ന ശ്രമങ്ങളും ഗുജർ അംബാനിയോട് വിശദീകരിച്ചതായും, ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് അംബാനി പറഞ്ഞതായും ഗുജർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വേദാൻഷിനെ അവരുടെ ആശുപത്രിയിലേക്ക് എത്തിക്കാനും നിർദേശിച്ചതായും ഇരുവരും ഫോൺ നമ്പറുകൾ കൈമാറിയതായും അദ്ദേഹം അവകാശപ്പെട്ടു.
ആഴ്ചകളായി കുഞ്ഞിന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തിയിരുന്ന ഗുജറും സംഘവും ഈ സംഭവത്തെ വലിയ വഴിത്തിരിവായാണ് കാണുന്നത്. എന്നാൽ അംബാനിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഗുജർ വ്യക്തമാക്കി. സ്ഥിരീകരണം ലഭിച്ചാൽ ചികിത്സാ നടപടികൾ ഉടൻ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സംഘവും.









