പാകിസ്ഥാനെതിരെ കടുത്ത മുന്നറിയിപ്പുമായി താലിബാൻ ഭരണകൂടത്തിലെ മന്ത്രി നൂറുള്ള നൂരി. അഫ്ഗാനിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ പാകിസ്ഥാനിലെ പെഷാവറിൽ രണ്ട് ദിവസത്തിനകം അഫ്ഗാൻ പതാക ഉയർത്താൻ ഇസ്ലാമിക് എമിറേറ്റിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാബൂളിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അഫ്ഗാനിസ്ഥാന്റെ ആക്ടിങ് ബോർഡേഴ്സ്, ട്രൈബ്സ് ആൻഡ് ട്രൈബൽ അഫയേഴ്സ് മന്ത്രി നൂറുള്ള നൂരി. പാകിസ്ഥാന്റെ സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങൾ അഫ്ഗാൻ ജനതയുടെ ചരിത്രവും ആശയപരമായ നിലപാടുകളും രാഷ്ട്രീയ സാഹചര്യങ്ങളും മുൻകാല സംഘർഷങ്ങളുടെ അനുഭവങ്ങളും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ യുദ്ധം നടത്തിയ സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും അനുഭവങ്ങളും നൂരി പരാമർശിച്ചു.
വലിയ സൈനിക ശക്തിയുണ്ടായിരുന്നിട്ടും അഫ്ഗാനിസ്ഥാനിൽ നിർണായക വിജയം നേടാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സ്വന്തം സൈനിക ശേഷിയെ മാത്രം ആശ്രയിച്ച് അഫ്ഗാനിസ്ഥാനെ വിലയിരുത്തരുതെന്നും അദ്ദേഹം പാകിസ്ഥാനോട് മുന്നറിയിപ്പ് നൽകി.
അതിർത്തിക്കപ്പുറമുള്ള ഏറ്റുമുട്ടലുകൾ, പാകിസ്ഥാന്റെ വ്യോമാക്രമണങ്ങൾ, ഭീകരസംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരസ്പര ആരോപണങ്ങൾ എന്നിവയ്ക്കിടെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് നൂരിയുടെ പ്രസ്താവന. പാകിസ്ഥാന്റെ സൈനിക, രഹസ്യാന്വേഷണ നേതൃത്വത്തെ നേരിട്ട് പരാമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതാണ്.









